മുണ്ടക്കൈ ഉരുൾപൊട്ടൽ; മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച് സർക്കാർ
വയനാട്: മുണ്ടക്കൈ-ചൂരൽമല മേഖലകളിൽ സർവനാശം സൃഷ്‌ടിച്ച ഉരുൾപൊട്ടലിന് പിന്നാലെ മൂന്ന് വില്ലേജുകൾ ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ദുരന്തബാധിത മേഖല.
സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്‌വാള്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉരുൾപൊട്ടലുണ്ടായ ജൂലൈ മുപ്പത് മുതൽ ഈ പ്രദേശങ്ങൾ ദുരന്തബാധിത പ്രദേശങ്ങളായി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഉരുൾപൊട്ടലിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലകളിൽ ഒന്നായിരുന്നു വെള്ളാരിമല വില്ലേജ് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ പ്രദേശങ്ങൾ.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളായിരുന്നു ഇവ മൂന്നും. വെള്ളാരിമല വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഉൾപ്പെടെ ഉരുൾപൊട്ടലിൽ കേടുപാടുകൾ സംഭവിച്ചിരുന്നുവെന്ന് വില്ലേജ് ഓഫീസർ നൗഷാദ് നേരത്തെ വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഉൾപ്പെടെ നിലച്ചിരുന്നു.
ജൂലൈ 30 പുലര്‍ച്ചെ ഒന്നിലേറെ തവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇരുന്നൂറിൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മേഖലയിലെ അയ്യായിരത്തിൽ അധികം വരുന്ന ജനങ്ങളെയാണ് ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചത്. നാനൂറിലധിക വീടുകൾ ഉണ്ടായിരുന്ന മുണ്ടക്കൈ മേഖലയിൽ നിലവിൽ ശേഷിക്കുന്നത് അൻപതിൽ താഴെ വീടുകൾ മാത്രമാണ്. അത്രയും അധികമാണ് ദുരന്തത്തിന്റെ വ്യാപ്‌തി. നിലവിൽ രക്ഷപ്പെട്ടവർ മേപ്പാടിയിലെ തന്നെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്.
അതേസമയം, ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചു. ഇതില്‍ സൈക്ക്യാട്രിസ്‌റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്കള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെ ഉൾപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications