രക്ഷാപ്രവർത്തകർക്ക് ഭക്ഷണവുമായി മുണ്ടക്കൈയിലും അവർ എത്തി; ഇത് 'കടച്ചിക്കുന്നിന്റെ' സ്നേഹം
2018 ൽ പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണവുമായി കാട്ടുവഴി കയറിയ കടച്ചിക്കുന്ന് കൂട്ടായ്മയെ അങ്ങനെയൊന്നും നമ്മുക്ക് മറക്കാനാകില്ല. ദുരന്തമുഖത്ത് മണിക്കൂറുകളോളം ജലപാനം ലഭിക്കാതിരുന്ന രക്ഷാസംഘത്തിന് കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അവർ അന്ന് ഭക്ഷണമെത്തിച്ചത്.
ഇപ്പോഴിതാ പുത്തുമലക്ക് പിന്നാലെ വയനാടിനെ പിടിച്ചുകുലുക്കിയ മുണ്ടക്കൈ ദുരന്തഭൂമിയിലും തിരച്ചിലിനിറങ്ങിയവർക്ക് ഭക്ഷണം ഉറപ്പാക്കുകയാണ് അവർ. ഉരുൾപൊട്ടലുണ്ടായ ആദ്യ ദിവസം തന്നെ തലച്ചുമടായി ഭക്ഷണവുമായി അവർ ദുരന്തമുഖത്ത് ഇറങ്ങി.

തിരച്ചില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ ഡി ആര്‍ എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളിലും വിവിധ സന്നദ്ധ സംഘടനകളിൽ ഉള്‍പ്പെട്ട രക്ഷാപ്രവർത്തകർക്കും കിലോമീറ്ററുകളോളം ദൂരം തലയിൽ ചുമന്നാണ് ഇവർ ഭക്ഷണം എത്തിക്കുന്നത്. ഏറ്റവും ദുഷ്കരമായ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്കടക്കം ഏറെ സാഹസപ്പെട്ടാണ് ഇവർ ഭക്ഷണം എത്തിക്കുന്നത്. നാല് ദിവസമായി ഇവർ ഇപ്പോൾ മുണ്ടക്കൈയിൽ ഉണ്ട്.
2018 ൽ പുത്തുമലയിൽ ദുരന്തം ഉണ്ടായപ്പോൾ കാട്ടുവഴികളിൽ രക്ഷപ്രവർത്തനത്തിന് ഏർപ്പെട്ടിരിക്കുന്നവർക്ക് ഭക്ഷണം ലഭിച്ചിരുന്നില്ല. ഈ സമയത്താണ് തങ്ങളാൽ ആകും വിധം ഭക്ഷണം എത്തിക്കണമെന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തുന്നതെന്ന് കൂട്ടായ്മയിലെ അംഗമായ വിശ്വൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. അങ്ങനെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേയുള്ള ഒരുപറ്റം ആളുകൾ ഇതിനായി ഇറങ്ങി തിരിച്ചു', അദ്ദേഹം വിശദീകരിച്ചു.
'ഭക്ഷണത്തിനുള്ള സാധനങ്ങൾ പല സംഘടനകളും ആളുകളുമൊക്കെയാണ് ഞങ്ങൾക്ക് തരുന്നത്. ഇത് പാചകം ചെയ്യേണ്ട പണി മാത്രമേ നമ്മുക്കുള്ളൂ. കടച്ചിക്കുന്ന് മദ്രസയിൽ നിന്നാണ് ഭക്ഷണം ഉണ്ടാക്കുന്നത്. രാവിലെ അഞ്ച് മണിയോടെ തന്നെ ഭക്ഷണം പാചകം ചെയ്ത് തുടങ്ങും. ഏകദേശം 50 ഓളം പേരാണ് ഭക്ഷണം പാചകം ചെയ്യുന്നത് മുതൽ വിതരണം വരെയുള്ള പ്രവര്‍ത്തനങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.
കടച്ചിക്കുന്നിൽ നിന്നും 23 കിമി ഇപ്പുറമാണ് മുണ്ടക്കൈ. ഇവിടേക്ക് ഭക്ഷണം പിക്കപ്പ് വാനുകളിൽ കൊണ്ടുവരും. ഇവിടെ വെച്ച് തലച്ചുമടായി ഏറ്റിക്കൊണ്ടുപോയാണ് വിതരണം. ചോറ് , സാമ്പാറ് , ഉപ്പേരി, അച്ചാർ എന്നിവയാണ് നൽകുന്നത്. ദുരന്തം ഉണ്ടായ ആദ്യ രണ്ട് ദിവസങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം കിട്ടുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ പിന്നീട് പല സംഘടനകളും ഇവിടെ ഭക്ഷണം എത്തിക്കുന്നുണ്ട്. ആദ്യ രണ്ട് ദിവസം ഞങ്ങൾ കൊണ്ടുവന്ന ഭക്ഷണം തികഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് അൽപം ബാക്കി വന്നിട്ടുണ്ട്', വിശ്വൻ പറഞ്ഞു. ദുരന്തമുഖത്തെ കാഴ്ചകൾ അത്രയും ഉള്ളുലയ്ക്കുന്നതാണ്. അവിടെ ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോയെന്ന ആശ്വാസവും കൂട്ടായ്മ പങ്കുവെച്ചു.












Click it and Unblock the Notifications