മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍, വീണ്ടും ഉരുള്‍പ്പൊട്ടല്‍? ജനങ്ങളെ ഒഴിപ്പിക്കുന്നു
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍ ഭീഷണി. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. ദുരന്തസ്ഥലത്തേക്ക് അനാവശ്യമായി എത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ദുരന്തത്തില്‍ മരണസംഖ്യ 67 ആയി ഉയര്‍ന്നിരിക്കുകയാണ്.
മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തെ ഏകോപ്പിക്കുന്നുണ്ട്. ചാലിയാര്‍ പുഴയില്‍ നിന്നടക്കമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനനം നടത്തുന്നതായി സന്നദ്ധപ്രവര്‍ത്തകന്‍ ഷാജി അറിയിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ശ്രദ്ധയില്‍ നിരവധി ലയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഏതാണ്ട് ഒരു മണിക്കൂറായി ചുരല്‍മലയില്‍ കനത്ത മഴ പെയ്യുകയാണ്. കുറച്ചുനേരം മാറി നിന്ന ശേഷമാണ് വീണ്ടും മഴയെത്തിയത്. ഇതേ തുടര്‍ന്ന് പുഴയില്‍ വലിയ തോതില്‍ വെള്ളം ഉയര്‍ന്നിരുന്നു. ചെളിയും കല്ലും മരവും അടക്കം പുഴയിലേക്ക് ഒഴുകി എത്തുന്നുണ്ട്. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരെ ഇവിടെയുണ്ട്.
ഈ മേഖലയില്‍ ആരും നില്‍ക്കരുതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. മരണസംഖ്യയും വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. ആയിരക്കണക്കിന് പേര്‍ രക്ഷാദൗത്യത്തിനിറങ്ങിയിട്ടുണ്ട്. സൈന്യത്തിനും ഫയര്‍ഫോഴ്‌സിനും പുറമേ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ഉരുള്‍പ്പൊട്ടലില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങി കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാദൗത്യത്തിന് 200 സൈനികര്‍ അടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമേ കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് എത്തും.
കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് എത്തും. സംസ്ഥാന സര്‍ക്കാര്‍ ഡോഗ് സ്‌ക്വാഡിനെ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുപ്രകാരം മീററ്റ് ആര്‍വിസിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡും എത്തും. ഫോറസ്റ്റിന്റെ ഡ്രോണും തിരച്ചിലില്‍ പങ്കാളിയാവും.
അതേസമയം പത്താം വാര്‍ഡായ അട്ടല്‍മലയിലേക്ക് അഞ്ച് സൈനികര്‍ കയര്‍ കെട്ടി കടന്നുവെങ്കിലും, കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു. ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ വലിയ റോപ്പുകള്‍ എത്തിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശിച്ചത്.
ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടതും തകര്‍ന്ന് പോയതും അട്ടമലയാണ്. രക്ഷാപ്രവര്‍ത്തനം ആദ്യം ഇവിടെ കേന്ദ്രീകരിച്ചതും അതുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ച് കൊണ്ട് രണ്ട് വിമാനങ്ങള്‍ ഉടന്‍ പുറപ്പെടും. 5 മണിക്ക് വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും.
അവിടെ നിന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകും. ജീവന്‍ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉള്ള ഉപകരണങ്ങളും അടക്കം വഹിച്ച് കൊണ്ടാണ് ഇവര്‍ എത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള സൈനിക സംഘവും ചൂരല്‍മലയില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications