ജീവന്റെ തുടിപ്പ് തേടി വീണ്ടും പരിശോധന; സിഗ്നൽ ലഭിച്ച സ്ഥലം ലൊക്കേറ്റ് ചെയ്യാൻ ശ്രമം..നിർണായക ദൗത്യം
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് വീണ്ടും പരിശോധന തുടരുന്നു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മണ്ണിനടിയിൽ നിന്നും ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഇതോടെ ഇവിടെ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുകയാണ് രക്ഷാസംഘം.
നിലവിൽ ഹ്യൂമൻ റെസ്ക്യൂ റഡാർ ഉപയോഗിച്ച് സിഗ്നൽ ലഭിച്ച കൃത്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആർമി ഉദ്യോഗസ്ഥൻ രതീഷ് വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അത് കണ്ടെത്താൻ സാധിക്കും. ജീവനുള്ളത് എന്തോ എന്ന് മാത്രമാണ് സൂചന ലഭിച്ചത്. അത് മനുഷ്യനാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. വൈകാതെ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർമി ഉദ്യോഗസ്ഥരും എൻഡിആർഎഫ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ട്. മറ്റുള്ളവരെയെല്ലാം പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. മനുഷ്യജീവനാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരിക്കും കെട്ടിടാവശിഷ്ടങ്ങൾ അടക്കം നീക്കിയുള്ള പരിശോധനയിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് മൂന്നോടെയായിരുന്നു ആദ്യ സിഗ്നൽ ലഭിച്ചത്. കാണാതായ മൂന്ന് പേർ ഉണ്ടായിരുന്ന വീടിന് സമീപത്ത് വെച്ചായിരുന്നു ഇത്. ഇവിടെ അമ്പത് മീറ്റർ ചുറ്റളവിലായിരുന്നു സിഗ്നൽ ലഭിച്ചത്. തുടർന്ന് പ്രദേശത്ത് അടിഞ്ഞ് കൂടിയ മണ്ണ് നീക്കിയും കുഴിച്ചും കലുങ്ക് മാറ്റിയുമെല്ലാം പരിശോധന നടത്തി. എന്നാൽ വൈകീട്ട് ആറരവരെ ഇത്തരത്തിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ ദൗത്യം തുടരാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും രക്ഷാസംഘത്തിന് നിർദ്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും പരിശോധന നടക്കുന്നത്.
തിരിച്ചറിയാത്ത ഭൗതികശരീരങ്ങൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications