'വയനാട്ടിൽ അനാഥരായവർ ഒറ്റയ്ക്കാവില്ല, പുനരധിവാസം സമഗ്രമായി നടപ്പാക്കും'; മന്ത്രി കെ രാജൻ
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനാഥരായവർ ഒറ്റയ്ക്കാവില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോകത്തിലെ എല്ലാ മലയാളികളും അവർക്കൊപ്പം നിൽക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്ന് പറഞ്ഞ കെ രാജൻ വയനാട് പുനരധിവാസം സമഗ്രമായി തന്നെ നടപ്പാക്കുമെന്നും വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു റവന്യൂ മന്ത്രി ഇക്കാര്യം അറിയിച്ചത്.
മുൻഗണന നിശ്ചയിച്ചാണ് നിലവിൽ മുന്നോട്ട് പോവുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യ ദിവസങ്ങളിലെ മുൻഗണന രക്ഷാപ്രവർത്തനം നടത്തുക എന്നതിനായിരുന്നു. മൂന്നാം ദിവസം ബെയ്‌ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന നൽകിയത്. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തുകയും ചെയ്‌തുവെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ ദുരന്തബാധിത മേഖലയിൽ ഒറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവയവങ്ങൾ സംസ്‌കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. 318 കെട്ടിടങ്ങളാണ് ഇനിയുള്ളതെന്നും, ജിഎഫ്എസ് മാപ്പ് തയാറാക്കി നൽകി.പോയിന്റുകൾ നോക്കി തിരച്ചിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനം നടത്തുന്ന ഡിസാസ്‌റ്റർ ടൂറിസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് പറഞ്ഞു. ഇത് മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുവെന്നാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്.
ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി ദൃശ്യങ്ങൾ പകർത്താനും ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ മന്ത്രി ഇതൊക്കെ നിയന്ത്രിക്കുമെന്നും വ്യക്തമാക്കി.
അതിനിടെ നിലവിൽ നടക്കുന്ന തിരച്ചില്‍ ഫലപ്രദമാണെന്ന് വയനാട് ജില്ലാ കളക്‌ടർ അറിയിച്ചു. ചാലിയാര്‍ തീരത്ത് 40 കിലോമീറ്റര്‍ തീരത്ത് പരിശോധന നടത്തും. കര്‍ണാടകയില്‍ നിന്നും കഡാവര്‍ നായകളെ എത്തിക്കും. തമിഴ്‌നാട്ടില്‍ നിന്നുളളവ എത്തി. 16 കഡാവര്‍ നായകളാണ് ആവശ്യം. 218 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നും കളക്‌ടർ മേഘശ്രീ അറിയിച്ചു.
തിരച്ചില്‍ ആറ് മേഖലകളിലായി തുടരുമെന്നാണ് കളക്‌ടർ വ്യക്തമാക്കുന്നത്. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കാനാണ് നീക്കം. വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 359 ആയി ഉയർന്നിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ചാലിയാറിൽ ഉൾപ്പെടെ തിരച്ചിൽ ഊർജിതമായി നടക്കുന്നുണ്ട്.












Click it and Unblock the Notifications