വയനാട് ഉരുൾപൊട്ടൽ: അച്ഛനും അമ്മയും അനിയത്തിയുമില്ല; കണ്ണീർക്കയത്തിൽ ഉള്ളുലഞ്ഞ് ശ്രുതി..
കല്പറ്റ: നിരവധി ജീവനുകളാണ് വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത്. രാത്രി പുലരുമ്പോഴേക്കും പ്രിയപ്പെട്ടവരെയാക്കെ നഷ്ടമാകേണ്ടി വന്ന നിരവധി മനുഷ്യർ, കൺമുന്നിലൂടെ പ്രിയപ്പെട്ടവർ കുത്തൊഴുക്കിൽപ്പെട്ട് പോകുമ്പോൾ പൊട്ടിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ പകച്ചുനിൽക്കേണ്ടി വന്നവർ. മക്കളേയും അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവർ.
അത്തരത്തിൽ ഉരുൾപൊട്ടൽ ശ്രുതിയുടെ ജീവിതത്തിൽ നിന്ന് തട്ടിയെടുത്തത് പ്രിയപ്പെട്ട കുടുംബത്തെ തന്നെയാണ്. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് തിരിച്ചുകിട്ടിയത്.

കല്പറ്റ എൻ എം എസ് എം ഗവ. കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് ശ്രേയ.ശ്രുതി കോഴിക്കോട് മിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്നു. ബന്ധു വീട്ടിലായതിനാൽ മാത്രം ശ്രുതി രക്ഷപ്പെട്ടു. ഒരു നിമിഷം കൊണ്ട് പ്രിയപ്പെട്ടവരെയൊക്കെ നഷ്ടപ്പെട്ട വേദനയിലാണ് ശ്രുതി. അച്ഛനും അമ്മയും സോഹദരിയുമില്ല. ഒന്നര മാസം മുൻപ് പാലുകാച്ചൽ നടന്ന വീടില്ല. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതിന് വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മണ്ണിൽ എവിടെയോ പോയി.
അതേ സമയം, ഉരുൾപൊട്ടലിൽ പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം മൂന്നാം ദിനത്തിലാണ്. രക്ഷാപ്രവർത്തനായി സൈന്യം മുണ്ടക്കൈ ഭാഗത്തേക്ക് നടന്നുനീങ്ങുകയാണ്. ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിൽ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെ വീണ്ടും തുടങ്ങിയത്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പോലീസിന്റെ കഡാവർ നായകളും തിരച്ചിലിനുണ്ട്. അതേ സമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ ഐ ബോഡ് ഉപയോഗിക്കും.
രാത്രി വൈകിയും മുണ്ടക്കൈയിൽ ബെയിലി പാലത്തിന്റെ നിർമാണം അതി വേഗത്തിൽ പുരോഗമിക്കുകയാണ് ജെ സി ബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിർമ്മിച്ച് കൊണ്ടിരിക്കുന്നത്.
മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി പാലം ഒവിച്ച് പോയതാണ്. ബെയ്ലി പാലത്തിൻഫെ നിർമാണം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് വേഗം കൂടും. ഇന്ന് ഉച്ചയോടെ പാലം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാലം നിർമ്മിച്ച് കഴിഞ്ഞാൽ ജെ സി ബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം ഇത് വഴി കടന്ന് പോകും












Click it and Unblock the Notifications