കടയിലെ വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി നൗഷാദിക്കാ; പ്രളയകാലത്ത് കണ്ട അതേ നന്മ
2019 ലെ പ്രളയകാലത്ത് നൗഷാദ് എന്ന വഴിയോര കച്ചവടക്കാരനായ, സാധാരണക്കാരനായ ആ മനുഷ്യൻ ചെയ്ത നന്മ മലയാളക്കര മറന്നുകാണില്ല. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി ലാഭനഷ്ടം നോക്കാതെ തന്റെ കയ്യിലുള്ള വസ്ത്രങ്ങളെല്ലാം എടുത്തുകൊടുത്ത മനുഷ്യനാണ് കൊച്ചിയിലെ നൗഷാദ്.
ഇപ്പോഴിതാ വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കും തന്നാലാവുന്ന സഹായം ചെയ്യാൻ മുന്നോട്ട് വന്നിരിക്കുകയാണ് നൗഷാദ്. പുത്തൻ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നൽകിയിരിക്കുകയാണ് നൗഷാദിക്ക. ചാക്ക് നിറയെ പുതിയ വസ്ത്രങ്ങൾഎടുത്തുകൊടുക്കുന്ന നൗഷാദിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

പ്രളയകാലത്തും വില നോക്കാതെയാണ് ചാക്ക് നിറയെ അദ്ദേഹം വസ്ത്രങ്ങൾ നൽകിയതും. ഇപ്പോഴും അതിൽ മാറ്റം വന്നില്ല. ആവശ്യമുള്ളതെല്ലാം എടുത്തോളൂ എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. നൗഷാദിന്റെ വലിയ മനസ്സിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
' മൂന്നുദിവസം മുന്നേ വെറുതെ ഒന്ന് ഓർത്തു പോയതാണ് പക്ഷേ വീണ്ടും ആ മനുഷ്യൻ തിരിച്ചെത്തി, ഒരു ദുരന്തം സഹായിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. എന്നാൽ ആ സഹായിക്കുന്നവന്റെ തൊട്ടടുത്ത്ഒന്ന് അന്വേഷിച്ചാൽ കാണാം ദാരിദ്ര്യത്തിന്റെ കാണാപ്പാഠങ്ങൾ., സത്യത്തിൽ ഇദ്ദേഹത്തെ പോലെ ഉള്ളവർ ഇവരാണ് ഭൂമിയിലെ മാലാഖമാർ.
അന്നത്തെ അത്താഴത്തിന് മാത്രം കഴിവുള്ള യാതൊരു സാമ്പത്തികം ഇല്ലാത്ത കൊച്ചുകൊച്ചു വ്യാപാരികൾ എത്ര ചെറുതായാലും എത്ര വലുതായാലും അവർ തരുന്ന സംഭാവനകൾ മഹത്തരങ്ങളാണ് എത്ര പറഞ്ഞാലും എത്ര പറഞ്ഞാലും മതിവരാത്തത്രയും എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2019 ലെ പ്രളയ സമയത്ത് ബ്രോഡ് വേയിലെ ഫുട്പാത്തിലുള്ള ചെറിയ കടയിൽ നിന്ന് ചാക്കുകെട്ടിൽ നിറച്ച് നൗഷാദ് വസ്ത്രങ്ങൾ നൽകുന്ന വീഡിയോയും വൈറൽ ആയിരുന്നു. കൊച്ചി വൈപ്പിനടുത്ത് മാലിപ്പുറം സ്വദേശിയായ നൗഷാദ്
നമ്മൾ ഇവിടെ നിന്ന് പോകുമ്പോൾ ഇവയൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ല. ഞാൻ ഇന്ന് എന്ത് നൽകിയാലും ദൈവം എനിക്ക് പകരം തരും. ഇത് ഞാൻ ചെയ്യുന്ന ഒരു ചെറിയ കാര്യമാണ്, എന്നാണ് അന്ന് നൗഷാദ് പറഞ്ഞത്. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം എന്ന് അന്ന് ആ മനുഷ്യൻ പറഞ്ഞത് ഉള്ളിൽത്തട്ടിയായിരുന്നു. ഇന്നും ആ നന്മയ്ക്ക് കുറവ് വന്നിട്ടില്ല.












Click it and Unblock the Notifications