വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനത്തിന് ആളുകളുണ്ട്, കൂടുതല്‍ പേരെത്തുന്നത് പ്രയാസമാകുമെന്ന് കളക്ടര്‍
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ഇന്നത്ത രക്ഷാദൗത്യത്തിന് എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ് എന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു കളക്ടറുടെ പ്രതികരണം. ഇന്നലെ നമുക്ക് പാലം തകര്‍ന്നതിനാല്‍ അങ്ങോട്ട് പോകാന്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്‍ഡിആര്‍എഫും പൊലീസും ഫയര്‍ ഫോഴ്‌സും റോപ് വേ ഉണ്ടാക്കിയാണ് അവിടെ എത്തിയത്.
ഉച്ചയോടെ സൈന്യമെത്തി. മാത്രമല്ല കാലാവസ്ഥ അനുകൂലമായതോടെ വ്യോമസേന ഹെലികോപ്ടറില്‍ എയര്‍ലിഫ്റ്റിംഗും സാധ്യമായി. ഇന്ന് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ വേണ്ട എല്ലാ സാധനങ്ങളും കൊണ്ടുവന്നിട്ടുണ്ട് എന്നും ഇന്നലെ ഉച്ചക്ക് ശേഷം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി കുറെ പേരെ ഇവിടേക്ക് എത്തിക്കാനായി എന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. ഇന്നും എയര്‍ലിഫ്റ്റ് ചെയ്യേണ്ടവരെ വേഗം എയര്‍ലിഫ്റ്റ് ചെയ്ത് എത്തിക്കും.

രണ്ടാമത് പാലം ഉണ്ടാക്കി അതിലൂടേയും ആളുകളെ എത്തിക്കും. 'ഇവിടെ നമുക്ക് ഏറ്റവും പ്രൊഫഷണല്‍ ആയിട്ടുള്ള ആള്‍ക്കാരേയാണ് ആവശ്യം. ട്രെയിന്‍ഡ് ആയിട്ടുള്ള ഫോഴ്‌സ് ഇപ്പോള്‍ ഇവിടെ ഉണ്ട്. ലോക്കല്‍ സപ്പോര്‍ട്ടും ആവശ്യമാണ്. അതും നമുക്കിവിടെ ഉണ്ട്. ബാക്കിയുള്ളവരെ ക്യാംപുകളിലാണ് ഉപയോഗിക്കുന്നത്. നിലവില്‍ വയനാടിന് എല്ലാ സപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്,' മേഘശ്രീ പറഞ്ഞു.
ആള്‍ക്കാര്‍ കൂടുതലായി കഴിഞ്ഞാലും ബുദ്ധിമുട്ടാകും എന്നും കളക്ടര്‍ വ്യക്തമാക്കി. കുടുങ്ങി കിടക്കുന്നവര്‍ എത്ര പേരാണ് എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല എന്നും എല്ലാവരേയും വേഗത്തില്‍ സുരക്ഷിതമായി എത്തിക്കാനാണ് ശ്രമിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ വൈത്തിരി ആശുപത്രിയില്‍ ഒരു കൂളിംഗ് റൂം സജ്ജമാക്കിയിട്ടുണ്ട് എന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ചാലിയാറില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. അവിടത്തെ തിരച്ചിലിന് വേണ്ട നടപടികള്‍ മലപ്പുറം കളക്ടറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട് എന്നും മേഘശ്രീ പറഞ്ഞു. അതിനിടെ മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ 153 ആയി. ഇനി 98 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 146 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.
150 സൈനികരാണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും രക്ഷാപ്രവര്‍ത്തനം. താല്‍ക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കം എന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുന്നത്. ഇതിലൂടെ ചെറിയ മണ്ണുമാന്തിയന്ത്രത്തിന് അടക്കം പോകാനാവും. മുണ്ടക്കൈ പാലം ഒലിച്ചുപോയി വഴി അടഞ്ഞതാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.
മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. മുണ്ടക്കൈയിലെ റിസോര്‍ട്ടിലും മദ്രസയിലും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും കുന്നിന്‍മുകളിലും എത്തിയ നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. വയനാട്ടില്‍ 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളില്‍ കഴിയുന്നത്.












Click it and Unblock the Notifications