ദുരന്തമേഖലയിലെ സന്നദ്ധപ്രവര്‍ത്തനത്തിന് നിയന്ത്രണം, ഇനി പ്രവേശം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തമേഖലയിലെ സന്നദ്ധ പ്രവര്‍ത്തനത്തിന് നിയന്ത്രണം. മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സേവന പ്രവര്‍ത്തനത്തിനായി എത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയും മറ്റ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായിട്ടാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്.
ഞായറാഴ്ച്ച രാവിലെ ആറര മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യൂ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം ദുരന്തബാധിതര്‍ക്കാി വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അവശ്യസാധന കളക്ഷന്‍ സെന്റര്‍ 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യുന്നതായി വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന അവശ്യ വസ്തുക്കളെല്ലാം ഇവിടെയാണ് ഉള്ളത്.
ശനിയാഴ്ച്ച വൈകീട്ടത്തെ കണക്കുകള്‍ പ്രകാരം 592.96 ക്വിന്റല്‍ അരി ഇവിടെ എത്തിയിട്ടുണ്ട്. 5000 പാക്കറ്റ് ബ്രെഡുമുണ്ട്. കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍, സോപ്പ്, ഡെറ്റോള്‍ പഞ്ചസാര, പരിപ്പ്, മെഴുകുതിരി, ഉള്‍പ്പെടെയുള്ള സാധനങ്ങളും മരുന്നുകളുമെല്ലാം ഇവിടേക്ക് എത്തിക്കുന്നുണ്ട്.
അതേസമയം ദുരന്തമേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. മാനസിക പിന്തുണ ഉറപ്പാക്കാന്‍ 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയവരുടെ തുടര്‍ കൗണ്‍സിലിംഗിന് ഇതേ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
പ്രധാന തിരച്ചില്‍ മേഖലകളില്‍ പെട്ടെന്ന് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് രണ്ട് പുതിയ ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. മുണ്ടക്കൈയിലും ചൂരല്‍മലയിലെ ബെയ്‌ലി പാലത്തിനടുത്തുമാണ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. രോഗങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച്, അവര്‍ ചികിത്സ ഉറപ്പാക്കുന്നുമുണ്ട്.
ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോക്കോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയും. അതിന് വേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications