വയനാട് ദുരന്തം; കേന്ദ്രസഹായം നൽകാനുള്ള സമയം ആയിട്ടില്ലെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം കേരളം സാഹയം ആവശ്യപ്പെടട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
സഹായത്തിന് വേണ്ടിയുളള ഇടപെടൽ നടത്തും. സഹായം മാത്രമല്ല ഇനി അത്തരത്തിലൊരു ദുരന്തം ഉണ്ടാകാതിരിക്കാനുളള നടപടിയും കൈക്കൊള്ളും.അതാണ് മുഖ്യം. ജനങ്ങൾക്ക് എത്തേണ്ടത് എത്തും', സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് സാധ്യതയുണ്ടോയെന്ന അന്വേഷിക്കൂവെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്നും നിയമം പോയി പഠിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇത് വരെ 177 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 81 പുരുഷൻമാരും 70 സ്ത്രീകളും 25 കുട്ടികളും ഇതിൽ ഉൾപ്പെടും. ഒരു മൃതദേഹത്തിൻ്റെ ആൺ-പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 98 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 252 മൃത ദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 92 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 234 പേരെയാണ് ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 92 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി . വയനാട്ടിൽ 87 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
അതിനിടയിൽ ഇന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം വയനാട്ടിൽ നടന്നു. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നാണ് സൈന്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രദേശത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ആവശ്യമായ യന്ത്രങ്ങൾ അവിടേക്ക് എത്തിക്കാൻ സാധിക്കാത്തതിനാൽ ആളുകളെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ബെയ്ലി പാലം നിർമിച്ചതോടെ ഇക്കാര്യത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനഃരധിവാസം സംബന്ധിച്ചുളള ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻതൂക്കം. ആളുകൾ കുറച്ച് നാൾ കൂടി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വരും. അതേസമയം അധികനാൾ അവരെ അവിടെ പാർപ്പിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ ഉപസമിതി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications