ചൂടിൽ ഉരുകി കേരളം; വരും ദിവസങ്ങളിലും ചുട്ടുപൊള്ളും; ഈ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 10 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് പറയുന്നത്. തൃശ്ശൂരിലാണ് നിലവിൽ ഏറ്റവും അധികം ചൂട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൃശൂരിൽ 40 ഡി ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം.
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39° സെൽഷ്യസ് വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38° സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം , കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ° സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ 36° സെൽഷ്യസ് വരെയും ( സാധാരണയെക്കാൾ 3 - 4 ° സെൽഷ്യസ് കൂടുതൽ ) ഉയരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

ജാഗ്രതാ നിർദ്ദേശം:
പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രാകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൽ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാാഹചര്യത്തിൽ കാട്ടു തീ വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടു തീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.












Click it and Unblock the Notifications