ക്ഷേമ പെൻഷൻ വിതരണത്തിൽ ആശ്വാസം; രണ്ട് ഗഡു കൂടി അനുവദിച്ചു, വിഷുവിന് മുൻപ് വിതരണം ചെയ്യും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്ഷേമ പെൻഷൻകാർക്ക് ആശ്വാസ വാർത്തയുമായി സർക്കാർ. ബാക്കിയുള്ള കുടിശ്ശികയിൽ രണ്ട് മാസത്തെ പണംഅനുവദിച്ചുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വിഷുവിന് മുൻപ് ഈ തുക വിതരണം ചെയ്യാനാണ് തീരുമാനം. 3200 ഇതിലൂടെ അധികമായി ഒരാൾക്ക് ലഭിക്കും.
നേരത്തെ ഒരു മാസത്തെ പെൻഷൻ അനുവദിച്ചതിന്റെ വിതരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് രണ്ട് മാസത്തെ ഗഡു കൂടി അനുവദിച്ചത്. ഇതോടെ ഉത്സവകാലത്ത് ഏകദേശം 4800 രൂപയോളം ഒരാൾക്ക് ലഭിക്കും. സാധാരണ പോലെ ബാങ്ക് അക്കൗണ്ട് വഴിയും, സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ വിതരണം നടത്തും.

നാളെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇരിക്കെയാണ് സർക്കാരിന്റെ തിരക്കിട്ടുള്ള നീക്കം. പെരുമാറ്റ ചട്ടം വന്ന് കഴിഞ്ഞാൽ പുതുതായി തുക അനുവദിക്കാൻ ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ പ്രഖ്യാപനം നടത്തിയത്. ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ഇതോടെ താൽക്കാലിക ആശ്വാസമാകും.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് പൂർത്തിയാക്കിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
മാർച്ച് മാസം വരെയുള്ള കണക്കുകൾ പ്രകാരം ഏഴ് മാസത്തെ പെൻഷനാണ് മുടങ്ങി കിടന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ ഒരു മാസത്തെ കുടിശ്ശിക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുകയും, ഇന്ന് മുതൽ പണം വിതരണം ചെയ്യാൻ ആരംഭിക്കുകയും ചെയ്‌തിരുന്നു. ഏകദേശം 5000 കോടിയോളം രൂപയാണ് ഇതിനായി സർക്കാർ കടമെടുക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയാവുമെന്ന കൃത്യമായ ബോധ്യം സർക്കാരിനുണ്ട്. ഇത് കൂടി മനസിലാക്കിയാണ് ഇപ്പോൾ മൂന്ന് മാസത്തെ പെൻഷൻ തുക നൽകാൻ ധാരണ ആയിരിക്കുന്നത്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള പെൻഷൻ തുകയാണ് കുടിശ്ശികയായി ഉള്ളത്. ഇതിൽ മൂന്ന് മാസത്തെ പണം വൈകാതെ എല്ലാവർക്കും ലഭിക്കും.
വയോജനങ്ങളുടെ വോട്ട് കൂടി നേടിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് സർക്കാർ അധികാര തുടർച്ച സ്വന്തമാക്കിയത് എന്നതിനാൽ നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവരെ കൈവിടരുതെന്ന അഭിപ്രായം സിപിഎമ്മിനുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. മുന്നണി യോഗങ്ങളിലും ഇക്കാര്യം ചർച്ചയായി. തുടർന്നാണ് സർക്കാർ അനുകൂല തീരുമാനം എടുത്തിരിക്കുന്നത്.












Click it and Unblock the Notifications