പശ്ചിമകൊച്ചിയുടെ യാത്രക്ലേശത്തിന് പരിഹാരം; റോ റോ കരാർ കെഎസ്ഐഎൻസിക്ക്
കൊച്ചി: പശ്ചിമകൊച്ചി- വൈപ്പിൻ റോ റോ വെസലുകളുടെ കരാർ സംബന്ധിച്ച തർക്കം അവസാനിക്കുന്നു. വെസലുകളുടെ സർവീസ് കരാർ കേരള ഷിപ്പിങ് ആൻഡ് ഇന്‍ലാൻഡ് നാവിഗേഷന്‍ കോര്‍പറേഷനു തന്നെ കോർപ്പറേഷൻ തീരുമാനിച്ചു. വെസലുകളുടെ നടത്തിപ്പിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഏറെ നേരം ചർച്ച നടന്നിരുന്നു. നടത്തിപ്പും ദൈനംദിന ചിലവുകള്‍ക്കും ശേഷം കിട്ടുന്ന ലാഭം ഇരുകൂട്ടരും തുല്യമായി വീതിക്കുന്ന വ്യവസ്ഥയിലാണ് കരാര്‍ നല്‍കുന്നത്. സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ നിബന്ധനകളാണ് കെഎസ്ഐഎന്‍സി മുന്നോട്ടു വച്ചിരുന്നത്.

ഇക്കാര്യത്തില്‍ ഫിനാന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശകളും ഇന്നലെ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു. ലാഭത്തിന്റെ 50 ശതമാനം കരാര്‍ ഏജന്‍സികള്‍ക്കു നല്കുന്നതിനാല് ഒരു വിധത്തിലുള്ള ചെലവുകളും കോര്പറേഷന് വഹിക്കേണ്ടതില്ലെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ അഭിപ്രായം. മുഖ്യമന്ത്രിക്കുകൂടി സൗകര്യപ്രദമായ ദിവസം ഉദ്ഘാടനം നടത്തി സര്‍വീസ് ആരംഭിക്കാനാണു തീരുമാനം.
നിലവില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് 9.30 വരെ 16 മണിക്കൂര്‍ വരെ സർവീസ് നടത്തുന്ന വിധമാണു കരാർ നൽകുക. 25 മിനിറ്റ് ഇടവേളയില്‍ ഇരുവശത്തുനിന്നും സര്‍വീസ് ഉണ്ടാകും. ദിവസം 60 മുതല്‍ 64 സര്‍വീസ് വരെയാണു ലക്ഷ്യംവയ്ക്കുന്നത്. യാത്രക്കാര്‍ ഏറെയുള്ള സമയങ്ങളില്‍ സമാന്തരമായി ബോട്ട് സര്‍വീസും ഉണ്ടാകും. റോ റോ വരുമ്പോള്‍ ബോട്ട് സര്‍വീസ് നഷ്ടത്തിലാകുമെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാത്രാ സൗകര്യമെന്ന നിലയില്‍ ബോട്ട് സര്‍വീസ് തുടരാനാണ് കെഎസ്ഐഎന്‍സിയുടെ തീരുമാനം.
മൂന്നു വര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ട ഡ്രൈഡോക്ക് ഒഴികെ മറ്റെല്ലാ ചെലവുകളും കരാര്‍ എജന്‍സിയെക്കൊണ്ട് ചെയ്യിപ്പിക്കും. ഒപ്പം സര്‍വീസ് നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായി കമ്മിറ്റിക്കു രൂപം നല്‍കാനും ധാരണയായി. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിക്കുന്നതുവരെയായിരിക്കും കരാര്‍. അതിനു ശേഷം സര്‍വീസ് എസ്പിവി കമ്പനിക്കു കൈമാറണം. വരുമാന വര്‍ധനവിന്റെ ഭാഗമായി രാത്രിയിലും റോ റോ സര്‍വീസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ കരാര്‍ ഏജന്‍സിക്ക് എതിര്‍പ്പില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഉടനെ ഉണ്ടായേക്കില്ല. നഷ്ടമുണ്ടാകില്ലെങ്കില് മാത്രമേ രാത്രി സര്‍വീസ് ഉണ്ടാകുവെന്ന് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications