ഇടത് സർക്കാർ ചെയ്ത കാര്യങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ത്? നിലമ്പൂരുകാർ പറയുന്നത് ഇതെന്ന് ഐസക്
പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ നിലമ്പൂരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഇരുമുന്നണികളും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ പ്രധാന ആയുധങ്ങളില്‍ ഒന്ന് ഇപ്പോഴും ക്ഷേമപെന്‍ഷന്‍ തന്നെയാണ്. ലൈഫ് പദ്ധതിയാണ് ഇടതിന്റെ താഴേക്കിടയിലെ മറ്റൊരു പ്രചരണ വിഷയം. കേരളത്തിൽ ഏറ്റവുമധികം ലൈഫ് വീടുകൾ നിർമ്മിച്ചുകൊടുത്ത പഞ്ചായത്ത് നിലമ്പൂരിലെ അമരമ്പലം പഞ്ചായത്താണ് എന്നതും ശ്രദ്ധേയമാണ്. തോമസ് ഐസക് ഉള്‍പ്പെടേയുള്ള ഇടത് നേതാക്കള്‍ക്ക് ഈ വിഷയങ്ങള്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു.
നിലമ്പൂരിലെ കുടുംബയോഗങ്ങളിൽ എൽഡിഎഫ് സർക്കാർ ചെയ്ത കാര്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ആളുകൾ ആദ്യം പറയുക 1600 രൂപ പെൻഷനെക്കുറിച്ചാണെന്നാണ് തോമസ് ഐസക് പറയുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിലമ്പൂരിലെ കുടുംബയോഗങ്ങളിൽ എൽഡിഎഫ് സർക്കാർ ചെയ്ത കാര്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ആളുകൾ ആദ്യം പറയുക 1600 രൂപ പെൻഷനെക്കുറിച്ചാണ്. അതുകഴിഞ്ഞാൽ ഹൈടെക് സ്കൂളുകൾ. ഇതിനെക്കുറിച്ച് ഞാൻ എഴുതിയപ്പോൾ ഒരു വായനക്കാരൻ പ്രതികരിച്ചത് ലൈഫ് മിഷൻ വീടുകളല്ലേ രണ്ടാമതായി പറയേണ്ടത് എന്നായിരുന്നു. സ്ഥാനം എത്രാമത്തേതോ ആകട്ടെ കേരളത്തിന്റെ വികസനപാതയിൽ ലൈഫ് മിഷൻ വീടുകൾ ഒരു നിർണ്ണായക നാഴികക്കല്ലാണ്. എല്ലാവർക്കും വീട് എന്ന സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവുമധികം ലൈഫ് വീടുകൾ നിർമ്മിച്ചുകൊടുത്ത പഞ്ചായത്ത് ഏതാണ്? നിലമ്പൂരിലെ അമരമ്പലം പഞ്ചായത്തിനാണ് ഈ ബഹുമതി. ഇതിന് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ അവാർഡ് അമരമ്പലം പഞ്ചായത്തിനു ലഭിച്ചു. 2024 മാർച്ച് 30 വരെയുള്ള കണക്ക് പ്രകാരം ലൈഫ് മിഷൻ ലിസ്റ്റിലെ 91 ശതമാനം പേർ കരാർവയ്ക്കുകയും 80 ശതമാനം പേരുടെ വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഇന്നിപ്പോൾ ഏതാണ്ട് 100 ശതമാനം വീടുകളും പൂർത്തീകരിക്കുന്നതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മൊത്തം 1089 വീടുകൾ.
ഭൂരഹിതർക്കുവേണ്ടി 1.80 ഏക്കർ ഭൂമി സംഭാവന ലഭിച്ചിടത്ത് 28 ഭൂരഹിതർക്ക് വീട് നിർമ്മിച്ചു നൽകി. മനസോടെ ഇത്തിരി മണ്ണ് പദ്ധതി വരുന്നതിനു മുമ്പുതന്നെ ലൈഫ് പദ്ധതക്കായി ഫാദർ മാത്യൂസ് വാഴക്കൂട്ടത്തിൽ 20 കുടുംബങ്ങൾക്ക് നാല് സെന്റ് ഭൂമി വീതം നൽകി. ഇതുകൂടാതെ മുഹമ്മദ് കല്ലിടുമ്പൻ, വിളക്കേരി കുഞ്ഞുമുഹമ്മദ്, ആനപ്പട്ടത്ത് കുഞ്ഞുമുഹമ്മദ്, നാസർ കരുമാരോട്ടിൽ എന്നിവരും ലൈഫ് പദ്ധതിക്കായി ഭൂമി സൗജന്യമായി നൽകിയവരാണ്.
ഒരു എസ്.സി ഗുണഭോക്താവിന് കുടുംബശ്രീ വീട് നിർമ്മിച്ചു നൽകി. ഒരു അതിദാരിദ്ര്യ കുടുംബത്തിന് തൊഴിലുറപ്പ് തൊഴിലാളികളാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അങ്ങനെ നാടിന്റെയാകെ ശ്രമഫലമായിട്ടാണ് ലൈഫ് മിഷൻ പദ്ധതിയിൽ അമരമ്പലം പഞ്ചായത്ത് ലക്ഷ്യം നേടിയത്. മിക്കവാറും വീടുകളിൽ ഗുണഭോക്താക്കൾ അധികമായി സ്വന്തം പണമോ അല്ലെങ്കിൽ അദ്ധ്വാനമോ മുടക്കി കൂടുതൽ ഭംഗിയായിട്ടാണ് പൂർത്തീകരിച്ചത്.
ഈ അസുലഭനേട്ടത്തിൽ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈനും മെമ്പർമാരും അഭിനന്ദനം അർഹിക്കുന്നു. അവാർഡ് ലഭിച്ചപ്പോൾ പ്രസിഡന്റ് പറഞ്ഞതുപോല എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിനാണ് ഈ പുരസ്കാരം. അനീഷ് മെമ്പറായ ഒൻപതാം വാർഡിലെ കുടുംബയോഗത്തിലെ ചർച്ചകളാണ് ലൈഫ് മിഷൻ വീടുകളിലേക്ക് ചർച്ച കൊണ്ടുവന്നത്. അനീഷിന്റെ വാർഡിൽ 69 വീടുകളാണ് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications