എന്താണ് ജീവാനന്ദം പദ്ധതി, ഉയരുന്ന വിമർശനങ്ങൾ എന്തൊക്കെ?; അറിയാം
ജീവാനന്ദം പദ്ധതിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ മാസം തോറും നിശ്ചിത തുക കിട്ടത്തക്ക വിധം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ജീവാനന്ദം പദ്ധതി. മാസം തോറും നിശ്ചിത തുക ഈടാക്കി ജീവാനന്ദം എന്ന പേരിൽ ആന്വിറ്റി സ്കീം നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ജീവാനന്ദം പദ്ധതി നിർബന്ധിതമായല്ല നടപ്പാക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇത് പൂർണമായും ഇൻഷുറൻസ് പദ്ധതിയാണ്.
ജീവാനന്ദം പദ്ധതിയെക്കുറിച്ച് മന്ത്രിയുടെ വിശദീകരണം:
ജീവനക്കാർക്ക് അവർ ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കുന്നതിനും വിരമിക്കുമ്പോൾ മാസം തോറും സ്ഥിര വരുമാനം ലഭ്യമാക്കുന്നതിനുമുള്ള സൗകര്യം സംസ്ഥാന ഇൻഷൂറൻസ് വകുപ്പിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. ഇത് നടപ്പാക്കാനല്ല ഇതേക്കുറിച്ച് വിദഗ്ധരെ നിയോഗിച്ച് പഠിച്ച് രൂപ രേഖ തയ്യാറാക്കാനാണ് കഴിഞ്ഞദിവസം സർക്കാർ ഉത്തരവിറക്കിയത് എന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലകലയിൽ ഇത്തരം ആന്വിറ്റി സ്കീമുകൾ ധാരാളമുണ്ട്. ഇൻഷൂറൻസ് കമ്പനികളുടെ ആന്വിറ്റി പോളിസികളിൽ നിന്ന് വ്യത്യസ്തമായി ജീവാനന്ദത്തിൽ കൂടുതൽ പലിശയും നിക്ഷേപത്തിന് സുരക്ഷിതത്വവും ഉറപ്പാക്കും. തവണ വ്യവസ്ഥയിൽ പണം അടയ്ക്കാനുള്ള സൗകര്യം നൽകാനും ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജീവനക്കാർക്ക് ഇപ്പോൾ സ്റ്റേറ്റ് ഇൻഷൂറൻസ് വകുപ്പ് രണ്ട് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സ്റ്റേറ്റ് ലൈഫ് ഇൻഷൂറൻസ് പദ്ധതിയും ( എസ് എൽ ഐ), ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതിയും ( ജി ഐ എസ് ). ഇതു രണ്ടും ജീവനക്കാർ വിരമിക്കുമ്പോൾ മൊത്തം ആനുകൂല്യങ്ങളും നൽകി അവസാനിപ്പിക്കും. എന്നാൽ വിരമിച്ച ജീവനക്കാർക്ക് ഇൻഷുറൻസ് വകുപ്പിൽ നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിരമിച്ചവർക്കും മാസം തോറും നിശ്ചിത തുക ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശം ഇൻഷൂറൻസ് വകുപ്പ് മുന്നോട്ട് വെച്ചത്. ഇതാണ് ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.
വിമർശനം
ജീവാനന്ദം പദ്ധതി നടപ്പാക്കി ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത് എന്നാണ് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറയുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക വന നിക്ഷേപമെന്ന രീതിയിൽ പിടിച്ച് വെക്കാനുള്ള ജീവാനന്ദം പദ്ധതി ജീവനക്കാരുടെ പോക്കറ്റിടിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിക്കുന്നത്.












Click it and Unblock the Notifications