പെർമിറ്റ് ഫീസ്: സർക്കാറിന്റെ പിടിച്ചു പറിയെ വെള്ള പൂശുന്നു, എംബി രാജേഷിന് മറുപടിയുമായി പികെ ഫിറോസ്
തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണത്തിനുളള ഫീസ് പുതുക്കിയതുമായി ബന്ധപ്പെട്ടുളള മന്ത്രി എംബി രാജേഷിന്റെ അവകാശവാദങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പെര്‍മിറ്റ് ഫീസ് പുതുക്കിയതുമായി ബന്ധപ്പെട്ട് വ്യാപക ദുഷ്പ്രചരണം നടക്കുന്നതായി മന്ത്രി ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ പിടിച്ചുപറിയെ വെള്ളപൂശാന്‍ ബാലിശമായ വാദങ്ങളാണ് മന്ത്രി ഉയര്‍ത്തുന്നതെന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തി.
പികെ ഫിറോസിന്റെ പ്രതികരണം: ' എം.ബി രാജേഷിനുള്ള മറുപടി. ഇടതുമുന്നണി സർക്കാർ ജനങ്ങളെ കൊള്ളയടിക്കും വിധം പെർമിറ്റ് ഫീസ് വർധിപ്പിച്ചതിനെ ന്യായീകരിച്ചു കൊണ്ട് മന്ത്രി എം.ബി രാജേഷ് ഫെയിസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സർക്കാറിന്റെ പിടിച്ചു പറിയെ വെള്ള പൂശാൻ അങ്ങേയറ്റം ബാലിശമായ വാദങ്ങളാണ് മന്ത്രി ഉയർത്തിയിട്ടുള്ളത്. നേരത്തെ പെർമിറ്റ് ലഭിക്കാൻ മാസങ്ങൾ എടുത്തിരുന്നത് മണിക്കൂറുകൾ കൊണ്ട് ലഭിക്കും എന്നാണ് മന്ത്രിയുടെ അവകാശ വാദം.

ഫ്രണ്ട് ഓഫീസിൽ അപേക്ഷ നൽകാൻ 30 രൂപയുണ്ടായിരുന്നത് 300 മുതൽ 3000 രൂപ വരെയാക്കി വർധിപ്പിച്ചതും പെർമിറ്റ് ഫീ 555 രൂപയുണ്ടായിരുന്നത് 38500 രൂപ വരെയാക്കി ഉയർത്തിയതിനെയും ന്യായീകരിക്കാനാണ് മന്ത്രി ഈ ഒരു കാര്യം ഉന്നയിക്കുന്നത്. KPBR പ്രകാരം 15 ദിവസത്തിനുള്ളിൽ പെർമിറ്റ് കൊടുക്കണമെന്ന നിയമം നിലവിലുള്ളത് മന്ത്രിക്കറിയില്ലേ?അല്ലെങ്കിലും പെർമിറ്റ് ഫീ വേഗത്തിലാക്കുന്നതും ഈ കൊള്ളയും തമ്മിൽ എന്താണ് ബന്ധം? ജനങ്ങളെ ഇടതു മുന്നണി സർക്കാർ കൊള്ളയടിക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ ഇനി മുതൽ ഉണർന്ന് പ്രവർത്തിക്കും എന്നാണോ മന്ത്രി പറയുന്നത്?
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
സാധാരണക്കാരന് ഈ വർധനവ് ബാധിക്കില്ല എന്നാണ് മന്ത്രി പറയുന്നത്. ഇത് പച്ചക്കള്ളമല്ലേ? 900 സ്ക്വയർ ഫീറ്റ് വീട് കേരളത്തിൽ ഒരു സാധാരണക്കാരന്റേതല്ലേ? നേരത്തെ പെർമിറ്റ് ഫീ 555 രൂപയുണ്ടായിരുന്നത് ഇപ്പോൾ പഞ്ചായത്തിലാണെങ്കിൽ 8500 രൂപയും മുനിസിപ്പാലിറ്റിയിലാണെങ്കിൽ 11500 രൂപയും കോർപ്പറേഷനിലാണെങ്കിൽ 16000 രൂപയും കൊടുക്കണ്ടേ? മന്ത്രി അക്കമിട്ട് പറയുന്ന പോയന്റുകൾ എല്ലാം ഊന്നുന്നത് മറ്റ് സംസ്ഥാനങ്ങളിലെ ഫീസുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണ് എന്നാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ഏതൊക്കെയാണ് കൂടുതൽ എന്ന് നോക്കി കേരളത്തിലും കൂട്ടുന്ന പണിയാണോ പിണറായി സർക്കാറിനുള്ളത്? കേരളത്തിൽ കൂടുതലും മറ്റ് സംസ്ഥാനങ്ങളിൽ കുറവുമുള്ള പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് പെട്രോൾ, ഡീസൽ. അത്തരം കാര്യങ്ങളിൽ ഇവിടെ നിരക്ക് കുറക്കാൻ സർക്കാർ തയ്യാറാകുമോ? കൂട്ടുന്ന മെഷീൻ മാത്രമാണോ ഈ സർക്കാർ ഓണാക്കി വെച്ചത്? അത് കൊണ്ട് കോയമ്പത്തൂരിനെ കുറിച്ച് പറയാതെ കേരളത്തെ കുറിച്ച് പറയൂ!
നിരക്ക് കൂട്ടിയത് വഴിയുള്ള വരുമാനം തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്നും സർക്കാറിനല്ലെന്നുമാണ് മന്ത്രിയുടെ മറ്റൊരു വാദം. ഇതു വഴി പഞ്ചായത്തുകൾക്കും മറ്റും വികസന പ്രവർത്തനങ്ങൾ നടത്താനാകുമെന്നുമാണ് അവകാശ വാദം. ജനങ്ങളുടെ കയ്യിൽ നിന്ന് അധികമായി പിടിച്ചു പറിച്ചിട്ട് വികസനം നടത്താൻ ആർക്കാണ് കഴിയാത്തത്? സാധാരണക്കാർ നൽകുന്ന വിവിധ നികുതികളും(അത് തന്നെ ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്) സെസ്സുകളും ജി.എസ്.ടിയുമെല്ലാം വികസനം നടത്താനല്ലേ?
അങ്ങിനെ സർക്കാറിന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ലഭിക്കുന്ന വിഹിതം പഞ്ചായത്തുകൾക്ക് നൽകി വികസനം കൊണ്ടുവരുന്നതിന് പകരം വീണ്ടും സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടു വാരുകയാണോ സർക്കാർ ചെയ്യേണ്ടത്?
ഇപ്പോൾ തന്നെ വിവിധ സാങ്കേതികത്വങ്ങൾ ഉണ്ടാക്കി പദ്ധതി വിഹിതം കുറച്ചില്ലേ? പെൻഷൻ മുടക്കിയില്ലേ? ഭവന പദ്ധതി അട്ടിമറിച്ചില്ലേ? പെൻഷൻ മസ്റ്ററിംഗ് നേരത്തെ സൗജന്യമായിരുന്നില്ലേ? ഇപ്പോഴത് 30 രൂപയും 50 രൂപയും നൽകേണ്ട സാഹചര്യമുണ്ടാക്കിയില്ലേ?
ഉത്തരവാദിത്തം നിർവഹിക്കാതെ എല്ലാം സാധാരണക്കാരന്റെ തലയിൽ അടിച്ചേൽപ്പിക്കാനാണെങ്കിൽ പിന്നെന്തിനാണ് സർ ഒരു സർക്കാർ?? മന്ത്രിയുടെ അവസാനത്തെ പോയന്റ് കിടുവാണ്. നിരക്ക് കൂട്ടിയത് കൊണ്ട് ഇനി മുതൽ കൈക്കൂലി ഉണ്ടാവില്ലത്രേ! മന്ത്രിയോട് വിനയത്തോടെ ഓർമ്മപ്പെടുത്താനുള്ളത് ഒറ്റക്കാര്യമാണ്. തമാശ പറഞ്ഞോളൂ പക്ഷേ കൊഞ്ഞനം കുത്തരുത്.












Click it and Unblock the Notifications