അമേരിക്കന്‍ സര്‍വ്വകലാശാലയിലെ വിദ്യാഭ്യാസം, നമ്പര്‍ വണ്‍ സ്ട്രാറ്റജി മേക്കര്‍; ആരാണ് അനില്‍ ആന്റണി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തന്റെ ബി ജെ പി പ്രവേശനം നടത്തിയിരിക്കുന്നത്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
അനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനം പാര്‍ട്ടിക്ക് എത്രത്തോളം ഗുണമുണ്ടാകുമെന്ന കാര്യം ഇനി അങ്ങോട്ട് കണ്ടറിയണം. കോണ്‍ഗ്രസിന്റെ ഓരോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഡിജിറ്റല്‍ മുഖം നല്‍കികൊണ്ടായിരുന്നു അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ചുമതലയേറ്റത്. ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകള്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ച ചെറുപ്പക്കാരനെന്ന നിലയിലായിരുന്നു അനില്‍ ആന്റണി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണമാണ് അനില്‍ ആന്റണിയെ ശ്രദ്ധയനാക്കിയത്. അനില്‍ ആന്റണിയോടൊപ്പം അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള സൈബര്‍ തന്ത്രങ്ങള്‍ തയ്യാറാക്കിയത്. ഈ തന്ത്രങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്ന വിലയുരുത്തല്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും ഉണ്ടായിരുന്നു.
ഗുജറാത്ത് കൂടാതെ രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല അനില്‍ അടങ്ങുന്ന സംഘത്തിനായിരുന്നു. വിദ്യാഭ്യാസ ജീവിതം പരിശോധിച്ചാല്‍, 2007ല്‍ ആണ് അനില്‍ ആന്റണി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. തുടര്‍ന്ന് യു സിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് പൂര്‍ത്തിയാക്കി.
തന്റെ ട്വിറ്റര്‍ ബയോയില്‍ ഒരു ടെക് സംരംഭകനും പോളിസി കമന്റേറ്ററുമാണെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നത് അനുസരിച്ച്, അദ്ദേഹം നിലവില്‍ യു എസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു മാനേജ്മെന്റ് സ്‌കൂളിലെ ഉപദേശക സമിതിയില്‍ അംഗമാണ്. സിസ്‌കോ, ടോര്‍ക്ക്, കാസ്പര്‍ ലാബ്സ് തുടങ്ങി വിവിധ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്ത അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്.
2019 ജനുവരിയിലാണ് അദ്ദേഹം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ ചേര്‍ന്നത്. ഒരു കാലത്ത് രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത ആളാണ് അനില്‍ ആന്റണി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പ് വിട്ട് എതിര്‍ ക്യാമ്പിലേക്ക് ചേക്കേറിയ അനില്‍ കേരളത്തിലെ ബി ജെ പിക്ക് ഗുണമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.












Click it and Unblock the Notifications