പുതുപ്പളളിയില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്, 'ചുവപ്പിനെ കാവിയാക്കുന്നത് ബോധപൂർവ്വം'
തിരുവനന്തപുരം: പുതുപ്പളളിയില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാവിയണിഞ്ഞ് ജെയ്ക്കിന് വേണ്ടി പ്രചരണം നടത്തിയെന്നത് ശുദ്ധ അസംബന്ധം ആണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ശുദ്ധ അസംബന്ധ പ്രചരണം ആണ് നടന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മാത്രം കണക്കാക്കി ഇതിനെ കാണാന്‍ പറ്റില്ല. ചുവപ്പിനെ കാവിയാക്കി മാറ്റണം എന്ന് ആഗ്രഹമുളള ചില കേന്ദ്രങ്ങളുണ്ട്. ചുവപ്പിനെ കാവിയാക്കുക എന്നത് വളരെ ബോധപൂര്‍വ്വമാണ്. ഒരു തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് കൊണ്ടല്ല ആ കേന്ദ്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്, അതിന് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്, മന്ത്രി പറഞ്ഞു.

ചുവപ്പ് ഒരു പ്രതീക്ഷയാണ്. മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചത് വലിയ നിരാശ സൃഷ്ടിക്കപ്പെടുകയും ജനാധിപത്യ പാതയില്‍ നിന്ന് വഴി തെറ്റി മറ്റു പാതകളിലേക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള യുവത്വമൊക്കെ പോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം ഉണ്ടാകും. ചുവപ്പിന്റെ വിശ്വാസ്യത തകര്‍ക്കുക എന്ന ലക്ഷ്യമുളള ചില കേന്ദ്രങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്, മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ കോഴിക്കോട് നിന്നുളള ഡിവൈഎഫ്ഐ പ്രവർത്തകർ തലയിൽ കാവി നിറത്തിലുളള കെട്ട് കെട്ടി ആർഎസ്എസ് ഗണഗീതത്തിന്റെ താളത്തിൽ ഇടത് പ്രചാരണ ഗാനം പാടിയെന്ന് മീഡിയാ വൺ ചാനൽ വാർത്ത നൽകിയത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രതിഷേധം ഉയർന്നതിന് പിന്നാലെ മീഡിയാ വൺ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications