Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിനെ സിപിഎം ആക്കാൻ നോക്കുന്ന സുധാകരൻ! എന്തിനും ഏതിനും പിന്തുടരാൻ ഒരേയൊരുമാതൃക... ഇത് ഗതികേടോ?

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചരിത്രമുള്ള രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായും അത്രയേറെ ചേർന്നുനിൽക്കുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയില്ല. എന്നാൽ ആ കോൺഗ്രസ് പാർട്ടിയുടെ നില ദേശീയ തലത്തിലും കേരളത്തിലും അത്ര ശുഭകരമല്ല. രണ്ട് തവണ അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കോൺഗ്രസിനെ രക്ഷിക്കാൻ വേണ്ടിയാണ് കെ സുധാകരനേയും വിഡി സതീശനേയും ഹൈക്കമാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

സംഘടനാ തലത്തിൽ വരുത്താൻ പോകുന്ന പരിഷ്‌കാരങ്ങളെ കുറിച്ചാണ് കേരളത്തിലെ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. എന്നാൽ അതേ ചൊല്ലി വലിയ വിമർശനവും ഉയരുന്നുണ്ട്. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ പരിഷ്‌കരിക്കുകയാണോ വേണ്ടത്, അതോ സിപിഎമ്മിനെ അന്ധമായി അനുകരിക്കുകയാണോ എന്നതാണ് ചോദ്യം. കെ സുധാകരൻ ചെയ്യുന്നത് അന്ധമായ സിപിഎം അനുകരണം ആണെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

1

കേരളത്തിൽ ഏറ്റവും ശക്തമായ സംഘടനാ സംവിധാനം ഉള്ള രാഷ്ട്രീയ പാർട്ടി ഏതെന്ന് ചോദിച്ചാൽ, സിപിഎം എന്ന് തന്നെ ആയിരിക്കും ഉത്തരം. കേഡർ സ്വഭാവത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഇക്കാലത്തിനിടയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും സംഘടനാപരമായ ചട്ടക്കൂടിനുളളിൽ നിന്നുകൊണ്ട് ഏകോപിക്കപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സിപിഎമ്മിന് സാധിക്കുന്നുണ്ട്. പാർട്ടി തീരുമാനത്തിന് അപ്പുറത്തേക്ക് പൊതുഇടങ്ങളിൽ ഒരു നേതാവ് പോലും അഭിപ്രായ പ്രകടനം നടത്തുകയും ഇല്ല. പാർട്ടി എടുക്കുന്ന തീരുമാനം താഴേ തട്ട് മുതൽ മേൽ തട്ട് വരെ കൃത്യമായി പാലിക്കപ്പെടുകയും ചെയ്യും.

2

കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതലും ഇതേ ഗുണങ്ങൾ ഒക്കെ തന്നെയാണ്- പ്രത്യേകിച്ചും കോൺഗ്രസിന്. എന്നാൽ കോൺഗ്രസിന് ഇത്തരം ഒരു ലെനിനിസ്റ്റ് ചട്ടക്കൂടിന്റെ ആവശ്യമില്ലെന്നാണ് പൊതു വിലയിരുത്തൽ. കോൺഗ്രസിനേയും കമ്യൂണിസ്റ്റ് പാർട്ടികളേയും സംഘടനാതലത്തിൽ ആദ്യംകാലം മുതലേ വേർതിരിക്കുന്നതിൽ ഈ ചട്ടക്കൂടും പ്രവർത്തന ശൈലിയും ഉണ്ട്. പല കോൺഗ്രസ് നേതാക്കളും തങ്ങളുടെ പ്രവർത്തന/ആശയ പ്രകാശന സ്വാതന്ത്ര്യത്തെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ട്- ചിലർ ഇപ്പോഴും ചെയ്യുന്നും ഉണ്ട്.

3

അങ്ങനെ ഒരു ഘട്ടത്തിലാണ് കെ സുധാകരൻ സിപിഎമ്മിനെ അനുകരിച്ച് കോൺഗ്രസിനെ ഒരു സെമി കേഡർ പാർട്ടിയാക്കാൻ പോകുന്നു എന്ന വാർത്തകൾ വരുന്നത്. നെയ്യാർ ഡാമിൽ ഡിസിസി അധ്യക്ഷൻമാർക്കായി നടത്തിയ ക്യാംപിൽ ആയിരുന്നു ഇത് സംബന്ധിച്ച മാർഗ്ഗ രേഖകൾ തയ്യാറാക്കിയത്. അത് അന്ന് തന്നെ മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ രക്ഷാമാർഗ്ഗം എന്ന നിലയിൽ ആയിരുന്നു പലരും ഇതിനെ നിരീക്ഷിച്ചത്.

4

എന്നാൽ പ്രവർത്തന ശൈലിയിൽ മറ്റൊരു സിപിഎം ആയി വളർന്നതുകൊണ്ട് കോൺഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്ന ചോദ്യമാണ് എതിർ വിഭാഗം ഉന്നയിക്കുന്നത്. പുതിയ നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നീക്കങ്ങൾക്കേ അത് സഹായകമാകൂ എന്നും അവർ ഭയക്കുന്നുണ്ട്. പുതിയ നേതൃത്വം വന്നതിന് പിറകെ പാർട്ടിയിൽ പരസ്പരമുള്ള ആശയ വിനിമയവും ചർച്ചകളും കുറഞ്ഞു എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെയാണ് ഈ വിമർശനവും ഉയരുന്നത്.

5

ഫുൾ ടൈം പാർട്ടി പ്രവർത്തകർക്ക് വേതനം, കടുത്ത അച്ചടക്ക നടപടി, നേതാക്കളെ നിരീക്ഷിക്കാൻ സംവിധാനം, മേൽ തട്ടിൽ നിന്ന് താഴേക്കുള്ള റിപ്പോർട്ടിങ് തുടങ്ങി അനവധി പദ്ധതികളാണ് കെ സുധാകരന്റെ മുന്നിലുള്ളത്. ഇതിൽ ഭൂരിഭാഗവും കേഡർ പാർട്ടികൾ, പ്രത്യേകിച്ചും സിപിഎം പിന്തുടരുന്നവയാണ്. ആദ്യ ഘട്ടമെന്ന നിലയിൽ സിപിഎം മാതൃകയിൽ റിപ്പോർട്ടിങ് ശൈലിയാണ് ഇപ്പോൾ കോൺഗ്രസ് തുടങ്ങിയിരിക്കുന്നത്.

6

തിരുവനന്തപുരത്തെ ഡിസിസി നേതൃയോഗത്തിൽ കെ സുധാകരൻ 'കോൺഗ്രസ് റിപ്പോർട്ടിങിന്' തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാൽ ഇതിനെ റിപ്പോർട്ടിങ് എന്ന് വിശേഷിപ്പിക്കാൻ കോൺഗ്രസ് താത്പര്യപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മറ്റ് ഡിസിസി നേതൃയോഗങ്ങളിൽ കെ സുധാകരനോ അല്ലെങ്കിൽ കെപിസിസി വർക്കിങ് പ്രസിഡന്റുമാരോ ആയിരിക്കും പങ്കെടുക്കുക. അതിന് ശേഷം ഡിസിസിയ്ക്ക് കീഴിൽ പ്രത്യേകം രൂപീകരിക്കുന്ന സമിതികൾ അത് താഴേ തട്ടിൽ ബൂത്ത് തലം വരെ റിപ്പോർട്ട് ചെയ്യും.

7

ഇക്കാര്യത്തിൽ സിപിഎം തന്നെയാണ് കോൺഗ്രസിന് മുന്നിലെ മാതൃക. പാർട്ടി തീരുമാനങ്ങളും വിശദീകരണങ്ങളും നേരിട്ട് അടിത്തട്ടിൽ എത്തിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ വിഷയങ്ങളിൽ ഏറ്റവും അടിത്തട്ട് മുതലുള്ള അഭിപ്രായ സമാഹരണവും സാധ്യമാകും. അതും പാർട്ടിയ്ക്കുള്ളിൽ നിന്നുകൊണ്ട് മാത്രം. കോൺഗ്രസിന്റെ കാര്യത്തിൽ പാർട്ടി തീരുമാനങ്ങളും വിശദീകരണങ്ങളും എല്ലാം നേതാക്കളും പ്രവർത്തകരും അറിയുക മാധ്യമങ്ങളിലൂടെ മാത്രമാണ്. അതിൽ നിന്ന് വ്യത്യാസം കൊണ്ടുവന്നാൽ തന്നെ വലിയ മാറ്റങ്ങൾ അടിത്തട്ടിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

8

സിപിഎം അല്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാര്യങ്ങൾ പ്രവർത്തനങ്ങളിൽ നടപ്പാക്കിയിട്ടുണ് ദശാബ്ദങ്ങൾ ആയിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ നടപ്പിലാക്കിയ സംവിധാനങ്ങളും അല്ല ഇത്. എന്നാൽ കോൺഗ്രസിനെ രക്ഷിക്കാൻ വേണ്ടി, ആറ് മാസം കൊണ്ടാണ് ഇതിൽ പലതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് പ്രശ്‌നം. അടിമുടി കുത്തഴിഞ്ഞു കിടക്കുന്ന ഒരു സംവിധാനത്തെ ആറ് മാസം കൊണ്ട് കേഡർ സംവിധാനത്തിലേക്കോ, സെമി കേഡർ സംവിധാനത്തിലേക്കോ കൊണ്ടുവരാൻ ആകുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

9

എന്തായാലും സിപിഎമ്മിന് ഈ വിഷയത്തിൽ ഒരൽപം അഭിമാനിക്കാനുള്ള വകയുള്ളത്. എതിരാളികൾ തങ്ങളുടെ പ്രവർത്തന ശൈലിയെ പിൻപറ്റുന്നു എന്നത് അവരുടെ പ്രവർത്തന വിജയത്തിന്റെ തെളിവായി വിലയിരുത്താം. നേരത്തേ ബിജെപിയുടെ റിപ്പോർട്ടുകളിലും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെ കുറിച്ച് പരാമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ എൽഡിഎഫിലുള്ള കേരള കോൺഗ്രസ് എം, കേഡർ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള തീരുമാനങ്ങൾ എടുത്തുകഴിഞ്ഞിട്ടുണ്ട്.

10

പാർട്ടി പ്രവർത്തകർക്ക് സിപിഎം 'ലെവി' ഏർപ്പെടുത്തുന്നുണ്ട്. വരുമാനത്തിന്റെ നിശ്ചിത ശതമാനം പാർട്ടിയ്ക്ക് ലെവി ആയി നൽകണം എന്നതാണ് ചട്ടം. പാർട്ടിയുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ലെവി. ഇത്തരം ഒരു സംവിധാനം കോൺഗ്രസിനോ മറ്റേതെങ്കിലും പാർട്ടികൾക്കോ തുടങ്ങാൻ ആകുമോ എന്നതും സുപ്രധാനമായ ചോദ്യമാണ്. തുടങ്ങിയാൽ തന്നെ, അത് എത്രനാൾ മുന്നോട്ട് കൊണ്ടുപോകാൻ ആകും? ഇത്രയും സുസജ്ജമായ സംവിധാനങ്ങളുണ്ടായിട്ടും പശ്ചിമ ബം​ഗാളിലും ത്രിപുരയിലും സിപിഎം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടില്ലേ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+