മമ്മൂട്ടിയെ വീഴ്ത്തുമോ ആസിഫ് അലി? അറിയാൻ വൈകും, ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റി വെച്ചു
തിരുവനന്തപുരം: 2024ലെ ഏറ്റവും മികച്ച മലയാള സിനിമയും താരങ്ങളും ആരൊക്കെയെന്ന് അറിയാന്‍ ഇനിയും വൈകും. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം നീട്ടി വെച്ചു. നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് പുരസ്‌ക്കാര പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് നവംബര്‍ 3ലേക്കാണ് മാറ്റിയിരിക്കുന്നത്. തൃശൂരില്‍ വെച്ചായിരിക്കും ഇക്കുറി ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം.
നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാരങ്ങള്‍ നിശ്ചയിക്കുക. മത്സരത്തിനെത്തിയ സിനിമകളുടെ സ്‌ക്രീനിംഗ് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. മാത്രമല്ല നാളെ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് പുരസ്‌ക്കാര പ്രഖ്യാപനം മാറ്റി വെച്ചിരിക്കുന്നത്.

മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളില്‍ ഇക്കുറി ശക്തമായ മത്സരം ആണ് നടക്കുന്നത്. മികച്ച നടനുളള പുരസ്‌ക്കാരത്തിന് മത്സരിക്കുന്നവരില്‍ മമ്മൂട്ടി, ആസിഫ് അലി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാനമായും ഉളളത്. ഇവരില്‍ മമ്മൂട്ടിയും ആസിഫ് അലിയും തമ്മിലാണ് പ്രധാന മത്സരം എന്നാണ് വിവരം.
ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ വന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവസാന റൗണ്ടിലെത്തിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കേരളത്തിന് അകത്തും പുറത്തും കയ്യടി നേടിയതാണ്. കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ പ്രകടനമാണ് ആസിഫ് അലിയെ നടനുളള മത്സരത്തില്‍ മുന്നിലെത്തിച്ചിരിക്കുന്നത്.
ഇവരെ കൂടാതെ കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പു പിള്ളയെ അവതരിപ്പിച്ച വിജയരാഘവന്‍, അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോ തോമസ് എന്നിവരും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജന്‍, നസ്രിയ നസീം എന്നിവരാണ് മികച്ച നടിക്കുന്ന പുരസ്സ്‌ക്കാരത്തിനായി മത്സര രംഗത്തുളളത്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കനി കുസൃതിയേയും ദിവ്യ പ്രഭയേയും മികച്ച നടിമാര്‍ക്കുളള വിഭാഗത്തില്‍ പരിഗണിക്കുന്നത്. സൂക്ഷ്മ ദര്‍ശിനിയിലെ അഭിനയത്തിന് നസ്രിയയും രേഖാചിത്രത്തിലെ അഭിനയത്തിന് അനശ്വര രാജനും പരിഗണിക്കപ്പെടുന്നു. ഫെമിനിച്ചി ഫാത്തിമ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കമുളള ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുളള പുരസ്‌ക്കാരത്തിനായി മത്സരിക്കുന്നത്.












Click it and Unblock the Notifications