കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിലേക്ക് ഒരു മുസ്ലിമിനെ അയക്കാൻ കോണ്‍ഗ്രസ് തയ്യറാകുമോ? പ്രതീക്ഷയില്ല: സുന്നി നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: ഒരു മുസ്‌ലിമിനെ രാജ്യസഭയിലേക്ക് പറഞ്ഞയക്കാൻ കോൺഗ്രസ് തയ്യാറാകുമോയെന്ന ചോദ്യവുമായി എപി വിഭാഗം സുന്നി യുവജന നേതാവ് മുഹമ്മദലി കിനാലൂർ. കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് അയക്കാനുള്ള ആളെക്കുറിച്ചുള്ള ചർച്ചകള്‍ കോണ്‍ഗ്രസില്‍ ശക്തമാക്കുന്നതിനിടയിലാണ് മുഹമ്മദലി കിനാലൂർ രംഗത്ത് എത്തിയിരിക്കുന്നത്. 'ലോക്സഭയിൽ കേരളത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഒരൊറ്റ മുസ്ലിം അംഗം പോലുമില്ല സമുദായത്തിന്റെ തലയിലെ തട്ടം പോലും ഭരണകൂടവും ന്യായാസനവും ചേർന്ന് ഊരിവാങ്ങുന്ന കാലത്ത് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പ്രഖ്യാപിക്കാനെങ്കിലും ഒരു മുസ്ലിമിനെ രാജ്യസഭയിൽ അയക്കാൻ തയാറാകുമോ കോൺഗ്രസ്‌ നേതൃത്വം' എന്നാണ് മുഹമ്മദലി കിനാലൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കർണാടക ഹൈകോടതിയുടെ ഹിജാബ് നിരോധനം മാധ്യമങ്ങളിൽ കത്തിനിൽക്കുന്ന ദിവസം തന്നെ, എ എ റഹീം എന്ന യുവനേതാവിനെ രാജ്യസഭയിലേക്ക് അയക്കാൻ സിപിഎം തീരുമാനിച്ചു എന്നത് യാദൃച്ഛികമാകാം. പക്ഷേ ഇന്നേരത്ത് മുസ്ലിം സമുദായത്തോട് ഇമ്മട്ടിൽ ഐക്യപ്പെടാൻ സിപിഎമ്മിന് മാത്രമേ കഴിയൂ എന്ന് പറയാതെ വയ്യ. മുസ്ലിം എന്ന പരിഗണനയിലല്ല സിപിഎം റഹീമിന് രാജ്യസഭാ സീറ്റ് നൽകിയത് എന്നുറപ്പാണ്. അങ്ങനെ ജാതിയും മതവും നോക്കി രാജ്യസഭാ സീറ്റ് വീതം വെക്കുന്ന ശീലം ആ പാർട്ടിക്കില്ലല്ലോ. എ എ റഹീം മതം പ്രാക്ടീസ് ചെയ്യുന്ന ഒരാളല്ല എന്നും വ്യക്തമാണ്.

kpcc

പക്ഷെ രാജ്യസഭയിൽ എളമരം കരീം ഉണ്ടായിരിക്കെ തന്നെ ജനനം കൊണ്ട് മുസ്ലിമായ മറ്റൊരാളെ കൂടി സിപിഎം ഉപരിസഭയിൽ എത്തിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ലോകസഭയിൽ കേരളത്തിൽ നിന്നുള്ള ഏക സിപിഎം അംഗവും മുസ്ലിം ആണല്ലോ. മുസ്ലിം അപരവത്കരണം അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്ന നാളുകളിൽ തന്നെ റഹീമിനെ രാജ്യസഭാ സ്ഥാനാർഥി ആയി നിശ്ചയിക്കാൻ പാർട്ടി കാണിച്ച നിശ്ചയദാർഢ്യം തീർച്ചയായും സല്യൂട്ട് അർഹിക്കുന്നു.

മറുഭാഗത്ത് കോൺഗ്രസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ലോക്സഭയിൽ കേരളത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഒരൊറ്റ മുസ്ലിം അംഗം പോലുമില്ല എന്നോർക്കണം. സമുദായത്തിന്റെ തലയിലെ തട്ടം പോലും ഭരണകൂടവും ന്യായാസനവും ചേർന്ന് ഊരിവാങ്ങുന്ന കാലത്ത് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പ്രഖ്യാപിക്കാനെങ്കിലും ഒരു മുസ്ലിമിനെ രാജ്യസഭയിൽ അയക്കാൻ തയാറാകുമോ കോൺഗ്രസ്‌ നേതൃത്വം? പ്രതീക്ഷിക്കാൻ വകയില്ല. അമ്മട്ടിൽ മുസ്ലിം സമുദായത്തോട് പുറംതിരിഞ്ഞു നിൽപ്പാണ് കോൺഗ്രസ്‌ പാർട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്പറ്റയിൽ ടി സിദ്ദീഖിന്റെ സീറ്റ് ഉറപ്പിക്കാൻ എന്തുമാത്രം സമ്മർദ്ദങ്ങൾ സമുദായം ചെലുത്തേണ്ടിവന്നു എന്നത് മറന്നിട്ടില്ല.

മുസ്ലിം സമുദായം പിറകെ നടന്നു പരാതി പറയുന്നില്ല എന്നതുകൊണ്ട് അവരോട് എന്തുമാകാം എന്ന മനോനില പങ്കിടുന്നവരാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത്. മലപ്പുറം ജില്ലയിൽ പാർട്ടി പ്രസിഡണ്ടിനെ നിശ്ചയിച്ചപ്പോൾ പോലും ആ അവഗണന കണ്ടു! സമുദായം നോക്കിയല്ല ഡിസിസി പ്രസിഡണ്ടുമാരെ നിശ്ചയിക്കുന്നത് എന്ന അവകാശവാദവുമായി ആരും ഇതുവഴി വരേണ്ട. കോട്ടയത്ത് ഒരു മുസ്ലിം ഡിസിസി പ്രസിഡന്റ് ആകുന്ന കാലത്ത് ഞാനത് വിശ്വസിച്ചോളാം.

സാമുദായിക പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ വർഗീയത പറയുന്നേ എന്ന് കലഹപ്പെടാനും ആരും മിനക്കെടേണ്ട. കോൺഗ്രസിന്റെ കേരളത്തിലെ വോട്ടിങ് ശതമാനത്തിൽ കാര്യമായ വിഹിതമുണ്ട് മുസ്ലിംകളുടേതായി. അവർക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കാൻ അതുകൊണ്ട് തന്നെ കോൺഗ്രസിന് ബാധ്യതയുണ്ട്. നായന്മാരുടെയും ക്രിസ്ത്യാനികളുടെയും മാത്രം വോട്ട് വാങ്ങി വിജയിക്കുന്നു എന്ന മട്ടിലാണ് കോൺഗ്രസ്‌ സീറ്റുകൾ വീതം വെക്കാറുള്ളത്. കേരളത്തിൽ നിന്ന് ഒരാളെ രാജ്യസഭയിൽ എത്തിക്കാൻ കോൺഗ്രസിനെ പ്രാപ്തമാക്കിയത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായം കൂടി വോട്ട് നൽകിയാണ്. അവരോട് നീതി പ്രവർത്തിക്കാൻ കോൺഗ്രസിന് ഇതാണ് സന്ദർഭം. ലോകസഭയിലേക്കും നിയമസഭയിലേക്കും സമുദായത്തിന് അർഹമായ പരിഗണന നൽകാതിരുന്ന കോൺഗ്രസ്‌ നേതൃത്വം രാജ്യസഭയിലേക്കെങ്കിലും ഒരു മുസ്ലിമിനെ പരിഗണിക്കുമോ? 1984 നു ശേഷം ഒരു മുസ്ലിമിനെ കോൺഗ്രസ്‌ ഉപരിസഭയിൽ എത്തിച്ചിട്ടില്ല എന്നതും ഇതോട് ചേർത്തുവായിക്കണം.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

English summary
'Will Congress be ready to send a Muslim to the Rajya Sabha?': AP faction youth leader Muhammadali Kinalur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X