സിപിഎമ്മിന്റെ പാതയില്‍ കോണ്‍ഗ്രസ് വരുമോ? പ്രതിപക്ഷ നേതാവ് പുതുമുഖം വേണം... സതീശന് വേണ്ടി പടയൊരുക്കം
തിരുവനന്തപുരം: അടുത്ത മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നത് സംബന്ധിച്ച ചര്‍ച്ചയാണ് പൊടിപൊടിക്കുന്നത്. മാധ്യമങ്ങള്‍ക്കൊന്നും തന്നെ സിപിഐയുടേയും സിപിഎമ്മിന്റേയും മന്ത്രിമാര്‍ ആരെന്ന് കൃത്യമായി പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബഹുഭൂരിപക്ഷവും പുതുമുഖങ്ങള്‍ ആകുമെന്ന സൂചന മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
അതേസമയം ആരായിരിക്കും അടുത്ത പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയിട്ടില്ല. സിപിഎം-സിപിഐ പാര്‍ട്ടികള്‍ സ്വീകരിച്ചതുപോലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും പുതുമയുള്ള തീരുമാനം വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. പരിശോധിക്കാം...

രമേശ് ചെന്നിത്തല
അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച ആളാണ് രമേശ് ചെന്നിത്തല. എന്നാല്‍, ഈ തിരഞ്ഞെടുപ്പ് നയിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് ചെന്നിത്തലയെ ആയിരുന്നില്ല. അഞ്ച് വര്‍ഷം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു. ഒടുവില്‍ കോണ്‍ഗ്രസും യുഡിഎഫും വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

മാറിയേ പറ്റൂ
ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം സജീവമാണ്. പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടരുന്നത് പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അവര്‍ അത് പലവിധത്തില്‍ പ്രകടിപ്പിക്കുന്നും ഉണ്ട്.

വിഡി സതീശന്‍ വന്നാല്‍
തലമുറമാറ്റം ആണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതിന് വേണ്ടി അവര്‍ മുന്നോട്ട് വയ്ക്കുന്നത് പറവൂര്‍ എംഎല്‍എ വിഡി സതീശന്റെ പേരാണ്. മികച്ച സാമാജികന്‍ എന്ന് പേരെടുത്തിട്ടുള്ള സതീശന്‍ ഹൈക്കമാന്‍ഡിനും പ്രിയപ്പെട്ടവനാണെന്നതാണ് ഇവരുടെ വാദം.

ചെന്നിത്തലയെ എന്ത് ചെയ്യും
2016 ലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആക്കുകയായിരുന്നു. അതിന് പിറകെ പ്രവര്‍ത്തക സമിതിയിലും ഉള്‍പ്പെടുത്തി. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നാണ് ഇപ്പോള്‍ ചെന്നിത്തലയുടെ നിലപാട്.

ഗ്രൂപ്പ് കളികള്‍
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ മാറുന്നതിനാണ് എ ഗ്രൂപ്പും കൊതിക്കുന്നത്. അങ്ങനെ വന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആ പദവി നല്‍കണം എന്നാണ് എ ഗ്രൂപ്പിന്റെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ഇതുവരെ അഭിപ്രായ പ്രകടനം ഒന്നും നടത്തിയിട്ടില്ല.

ഐ ഗ്രൂപ്പിന് ആധിപത്യം
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇത്തവണ ഐ ഗ്രൂപ്പിന് ആണ് ആധിപത്യം. രമേശ് ചെന്നിത്തല നയിക്കുന്ന ഗ്രൂപ്പിന് 12 എംഎല്‍എമാരുണ്ട്. ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിന് 9 എംഎല്‍എമാര്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഒരു വോട്ടെടുപ്പിന്റെ സാഹചര്യം വന്നാല്‍, അത് ചെന്നിത്തലയ്ക്ക് അനുകൂലമാകും.

വൈകിയാല്‍ നാണക്കേട്
99 സീറ്റ് നേടി അധികാരത്തില്‍ എത്തിയ എല്‍ഡിഎഫില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഏറെക്കുറേ പൂര്‍ത്തിയാക്കഴിഞ്ഞു. മെയ് 20 ന് സത്യപ്രതിജ്ഞയും നടക്കും. വെറും 21 സീറ്റ് നേടിയ കോണ്‍ഗ്രസിന് എന്തുകൊണ്ട് പ്രതിപക്ഷ നേതാവിനെ ഇതുവരെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല എന്ന ചോദ്യം ഇപ്പോള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ഉപനേതാവായി
പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെങ്കിലും, പ്രതിപക്ഷ ഉപനേതാവ് ആരെന്ന് തീരുമാനമായിട്ടുണ്ട്. മുസ്ലീം ലീഗിനാണ് ആ പദവി. പികെ കുഞ്ഞാലിക്കുട്ടിയെ ആണ് പ്രതിപക്ഷ ഉപനേതാവായി മുസ്ലീം ലീഗ് നിശ്ചയിച്ചിട്ടുള്ളത്.

മാറിയാലും മാറിയില്ലെങ്കിലും
പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ രമേശ് ചെന്നിത്തല തുടര്‍ന്നാല്‍, അത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ മുല്ലപ്പള്ളി രാമചന്ദ്രനുള്ള വഴി തുറക്കപ്പെടുമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക. ചെന്നിത്തല പദവിയില്‍ നിന്ന് മാറിയാല്‍ സ്വാഭാവികമായും മുല്ലപ്പള്ളിയ്ക്കും മാറേണ്ടി വരും എന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

ഹൈക്കമാന്‍ഡ്
എന്തായാലും മെയ് 18 ന് രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കെപിസിസി ആസ്ഥാനത്ത് നടക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും വി വൈത്തിലിംഗവും പാര്‍ട്ടി എംഎല്‍എമാരെ നേരില്‍ കണ്ട് അഭിപ്രായം ആരായുകയും ചെയ്യും. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് തന്നെ ആയിരിക്കുകയും ചെയ്യും. ഏത് ഗ്രൂപ്പിനാകും ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാന്‍ ആവുക എന്നേ ഇനി അറിയേണ്ടതുള്ളു.












Click it and Unblock the Notifications