ബിജെപിയ്‌ക്കെതിരെ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ക്കും; ഫെഡറല്‍ മുന്നണി സ്ഥിരീകരിച്ച് പിണറായി
കോഴിക്കോട്: ബി ജെ പിയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ശക്തികളെ കൂട്ടിയോജിപ്പിച്ച് ഫെഡറല്‍ മുന്നണിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആഗോളവല്‍ക്കരണനയമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് എങ്ങനെയാണ് ബി ജെ പി ക്ക് ബദലാകാനാവുകയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന് വിശ്വാസത്തകര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ സി പി ഐ എം നിര്‍ദേശിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ ഒരുമിക്കലാണ്. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്യത്തില്‍ ബി ജെ പിക്കെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അതുപോലെ കരുത്തുറ്റ പ്രാദേശിക കക്ഷികള്‍ ഉണ്ട്,' പിണറായി വിജയന്‍ പറഞ്ഞു.

പ്രാദേശിക കക്ഷികളെ ബി ജെ പിക്കെതിരെ ഉപയോഗിക്കാനാകണമെന്നും അതുവഴി ഒറ്റപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി പി ഐ എം ഇതിനെല്ലാം പറ്റുന്ന മഹാശക്തിയുള്ളവരാണെന്ന് അവകാശപ്പെടുന്നില്ലെന്നും എന്നാല്‍ മതനിരപേക്ഷ നിലപാടിലൂടെയും മികച്ച സാമ്പത്തിക നയത്തിലൂടെയും ജനങ്ങള്‍ക്കിടയില്‍ സി പി ഐ എമ്മിന്റെ വിശ്വാസ്യത കൊടുമുടിയോളം വളര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക ശക്തികള്‍ക്കൊപ്പം നിന്ന് മഹാശക്തി രൂപപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാന കേന്ദ്രകരിച്ച് നടക്കുന്ന ഫെഡറല്‍ മുന്നണി നീക്കങ്ങളില്‍ സ്ഥിരീകരണമുണ്ടാകുകയാണ്. കേന്ദ്രകമ്മിറ്റിയ്ക്കിടെ പിണറായി വിജയനും സി പി ഐം എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രപിള്ള, എം എ ബേബി, മണിക് സര്‍ക്കാര്‍ എന്നിവര്‍ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സി പി ഐ ദേശീയ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വവും ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രണ്ടുമണിക്കൂറോളം സി പി ഐ നേതാക്കളുമായി കെ സി ആര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം.പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണിക്കുള്ള നീക്കം ചന്ദ്രശേഖര്‍ റാവു തന്നെയാണ് യോഗത്തില്‍ അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീഹാറിലെ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ ജെ ഡി) നേതാവുമായ തേജസ്വി യാദവ്, ഹൈദരാബാദിലെത്തി ചന്ദ്രശേഖരറാവുമായി കൂടിക്കാഴ്ച നടത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ കെ സി ആര്‍ ഫോണില്‍ വിളിച്ച് സംസാരിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും കെ സി ആര്‍ സംസാരിച്ചിട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 2018-ല്‍ ബി ജെ പി- കോണ്‍ഗ്രസ് വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ കെ സി ആര്‍ സമാനമായ ശ്രമം നടത്തിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഫെഡറല്‍ മുന്നണി രൂപീകരിക്കാനാണ് നേതാക്കളുടെ ശ്രമം.












Click it and Unblock the Notifications