പികെ ശശി കോൺഗ്രസിലേക്കോ? വന്നാൽ ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാകും, പ്രമീള ശശിധരന് വേണ്ടിയും നീക്കം
പാലക്കാട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ മറികടന്ന് ഏത് വിധേനയും ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോൾ അത് അസാധ്യമല്ലെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. അതിനിടയിൽ മറ്റ് പാർട്ടികളിൽ നിന്നുള്ള മുതിർന്ന നേതാക്കളെ അടക്കം മുന്നണിയിലേക്കും കോൺഗ്രസ് പാർട്ടിയിലേക്കും എത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
അത്തരത്തിൽ കോൺഗ്രസ് നിർണായക നീക്കങ്ങൾ നടത്തുന്ന ജില്ലകളിൽ ഒന്നാണ് പാലക്കാട്. കഴിഞ്ഞ തവണ ഉൾപ്പെടെ സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളാണ് അവരെ തുണച്ചത്. അതിന് തടയിടാനും ഇക്കുറി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനും ലക്ഷ്യമിട്ട് കൊണ്ടാണ് കോൺഗ്രസ് അണിയറ നീക്കങ്ങൾ നടത്തുന്നത്.

മുതിർന്ന സിപിഎം നേതാവ് പികെ ശശിയുടെ പേരാണ് ഇത്തരത്തിൽ ഉയർന്നു കേൾക്കുന്നത്. പികെ ശശിയെ തന്നെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം സജീവമാണെന്നാണ് പറയുന്നത്. പികെ ശശി കോൺഗ്രസിലേക്ക് എത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കുമെന്നാണ് വിവരം.
ഈ രണ്ട് മണ്ഡലങ്ങളും സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള ഇടങ്ങളാണ്. ഇവിടെ ജില്ലയിൽ ശക്തമായ സ്വാധീനമുള്ള പികെ ശശിയെ ഇറക്കിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ശശിയെ പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് ഇടത് മുന്നണിക്ക് നൽകുന്ന സർജിക്കൽ സ്ട്രൈക്ക് ആയിരിക്കുമെന്നാണ് കണക്ക് കൂട്ടൽ.
കഴിഞ്ഞ തവണ സിപിഎം 10000ത്തിൽ അധികം ഭൂരിപക്ഷം വോട്ടുകൾ നേടി വിജയിച്ചതാണ് ഈ രണ്ട് മണ്ഡലങ്ങളും. പികെ ശശിക്ക് പ്രാദേശിക തലം മുതൽ കാര്യമായ സ്വാധീനമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ തന്നെ എത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പികെ ശശി അനുകൂലമായല്ല മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിശ്വസ്‌തമായ ഒരു സംഘടനാ അടിത്തറയുള്ള വ്യക്തിയാണ് പികെ ശശിയെന്നും താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്കിടയിലും സഹകരണ മേഖലാ ശൃംഖലകള്‍ക്കിടയിലും അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ടെന്നുമാണ് കോൺഗ്രസ് കരുതുന്നത്. മാത്രമല്ല ഷൊറണൂരിൽ മുൻപ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച ചരിത്രവും ശശിക്കുണ്ട്.
എങ്കിലും ഏഴ് വർഷം മുൻപ് ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് സിപിഎം നടപടി എടുത്ത ആളാണ് പികെ ശശി. മാത്രമല്ല 2024 ഓഗസ്‌റ്റിൽ ശശിയെ എല്ലാവിധ ഭാരവാഹിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും പാർട്ടി മെമ്പർ എന്ന നിലയിലേക്ക് തരം താഴ്ത്തുകയും ചെയ്‌തിരുന്നു. ഇത്തരമൊരു ട്രാക്ക് റെക്കോർഡുള്ള നേതാവിനെ കൊണ്ട് വന്നാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമോ എന്നുള്ള ചോദ്യവും കോൺഗ്രസിൽ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പ്രമീള ശശിധരനെയും ഒപ്പം ചേർക്കാൻ കോൺഗ്രസ് ചരടുവലി തുടങ്ങിയിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രമീള ശശീധരൻ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്ത് വന്നത് ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് അവരെയും കൂടെ ചേർക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയത്.












Click it and Unblock the Notifications