'പോലീസിലെ ക്രിമിനലുകളെ വെച്ച് പൊറുപ്പിക്കില്ല, ചിലർ തിരുത്താൻ തയ്യാറാകുന്നില്ല'; മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിമിനലുകളെ പോലീസിൽ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നത്. തിരുത്താൻ തയ്യാറാകാത്ത ചിലരുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
8 വര്‍ഷം മുമ്പ് പോലീസിനെക്കുറിച്ചുണ്ടായിരുന്ന ധാരണയല്ല ഇന്ന് നമ്മുടെ സമൂഹത്തിലുള്ളത്. പ്രളയ കാലത്തും കോവിഡ് മഹാമാരിക്കാലത്തും പോലീസ് നടത്തിയ ഇടപെടല്‍ പോലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ വളരെയധികം മാറ്റം കൊണ്ടുവരാനിടയാക്കി. ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്നപരിഹാരത്തിനായി നിര്‍ഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ മാറി. മാത്രമല്ല, സംസ്ഥാനത്തെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളും സ്ത്രീസൗഹൃദ വയോജന സൗഹൃദവും ശിശുസൗഹൃദവുമായി മാറി.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനായിട്ടുണ്ട്. അതോടൊപ്പം മതനിരപേക്ഷതയുടെ സംരക്ഷണവും ഉറപ്പാക്കാന്‍ പോലീസിന്‍റെ ഫലപ്രദമായ ഇടപെടല്‍ മൂലം സാധിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ 8 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയത്തക്കതാണ്.
ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കാനുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ പോലീസിന്‍റെ കാര്യക്ഷമമായ ഇടപെടലാണ് ഉണ്ടായത്. അതുകൊണ്ടാണ് രാജ്യത്തെ മറ്റു പല ഇടങ്ങളിലും വര്‍ഗ്ഗീയത ഫണം വിടര്‍ത്തി ആടിയപ്പോഴും മതനിരപേക്ഷതയുടെ ഉരുക്കുകോട്ടയായി കേരളം നിലകൊണ്ടത്.
ഈ തെരഞ്ഞെടുപ്പ് കാലയളവില്‍ സമാധാനപരമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടായി എന്നതുമാത്രമല്ല, വളരെ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ പോലും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് പോറലേല്‍പ്പിക്കുന്ന വിധമുള്ള ഒരു സംഭവം പോലും സംസ്ഥാനത്ത് ഉണ്ടായില്ലായെന്നത് അഭിമാനത്തോടെ തന്നെ പറയാവുന്നതാണ്. ഇക്കാര്യത്തില്‍ പോലീസ് നല്ല രീതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തും, പഴുതടച്ച കേസന്വേഷണ പ്രക്രിയയും പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുക വഴിയും, ഒരിക്കലും തെളിയില്ലെന്നു കരുതിയ ചില കേസുകള്‍ തെളിയിക്കാനായി. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയ എത്രയോ പ്രതികള്‍ കല്‍ത്തുറുങ്കിലായി
ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും പരാതികളില്‍ ഇരയുടെ ഭാഗത്തുനിന്നുകൊണ്ട് നടപടി സ്വീകരിക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിനുള്ളതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.












Click it and Unblock the Notifications