വയനാട്ടിൽ നിന്ന് കാണാതായ അമ്മയേയും 5 മക്കളേയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി
തശൂർ: വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരിൽ കണ്ടെത്തി. ഇവരെ പടിഞ്ഞാറെ നടയിൽ നിന്നാണ് കണ്ടെത്തിയതെന്നും കൺട്രോൾ റൂമിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു. 18ാം തീയതി മുതലാണ് യുവതിയയേും കുട്ടികളേയും കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ ഇവർ എത്തിയതായും പോലീസ് പറഞ്ഞു.
കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്‌നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതൽ കാണാതായത്. കമ്പളക്കാട് നിന്ന് തിങ്കളാഴ്ചയാണ് ഇവരെ കാണാതാവുന്നത്.

ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിമിജയും മക്കളും ഇറങ്ങുന്നത്. എന്നാൽ അവിടെ എത്തിയില്ല. ഇവരെ ഫോണിലൂടെ ബന്ധപ്പെടാൻ കുടുംബം ശ്രമിച്ചെങ്കിലും നടന്നില്ല, പിന്നാലെയാണ് പോലീസിൽ അറിയിക്കുന്നത്.
യുവതിയും കുട്ടികളും സുരക്ഷിതരാണെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇവർ ഷൊർണൂരിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച പോലീസ് അവിടേക്ക് തിരിച്ചു. ഷൊർണൂരിലെ ബന്ധുവിന്റെ കടയിൽ എത്തി ഇവർ പണം വാങ്ങിയിരുന്നു. രാമനാട്ടുകരയിലെ ബന്ധുവിന്റെ വീട്ടിലും എത്തിയിരുന്നു.
ഇവിടെ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞായിരുന്നു പോയത്. എന്നാൽ കണ്ണൂരിലേക്കാണ് പോയതെന്നാണ് വിവരം. കണ്ണൂർ ബസ്സ്റ്റാൻഡിൽ അമ്മയേയും മക്കളേയും കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കണ്ണൂരിൽ നിന്നാണ് ഇവർ ഷൊർണൂരിൽ എത്തിയതെന്നാണ് വിവരം.












Click it and Unblock the Notifications