കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആണത്തങ്ങൾ രാഷ്ട്രീയത്തിൽ ചെയ്യുന്നത് സിനിമയിലും ചെയ്തു', ഗൗരിയമ്മയ്ക്ക് ഡബ്ല്യൂസിസിയുടെ ആദരാഞ്ജലി

Google Oneindia Malayalam News

കൊച്ചി: കെആർ ഗൗരിയമ്മയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ്. ഓരോ പെൺപോരാട്ടങ്ങൾക്കും പ്രചോദനമായിരിക്കുന്ന കെടാത്ത വഴിവിളക്കാണ് ഗൗരിയമ്മയെന്ന് ഡബ്ല്യൂസിസി പങ്കുവെച്ച അനുശോചനക്കുറിപ്പിൽ പറയുന്നു.

'' നൂറ്റാണ്ടിന്റെ പെൺപോരാളിക്ക് ഡബ്ലു.സി.സി.യുടെ പ്രണാമം. എല്ലാ പെൺപോരാട്ടങ്ങളുടെയും തായ് വേര് അമ്മയാണ്. എല്ലാ രാഷ്ട്രീയ പോരാട്ടങ്ങൾക്കും അത് ഗൗരിയമ്മയാണ്. കേരളത്തിന്റെ വിപ്ലവ നക്ഷത്രം , ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതാ അംഗം , 1957ലെ വിഖ്യാതമായ ഭൂപരിഷ്ക്കരണ നിയമവും കുടിയൊഴിപ്പിക്കൽ നിരോധന നിയമവും ഗൗരിയമ്മയുടെ സംഭാവനകളുടെ തുടക്കം മാത്രം. അന്ന് ഗൗരിയമ്മ കേരളത്തിലെ ദളിതർക്കും സ്ത്രീകൾക്കും പട്ടിണി പാവങ്ങൾക്കും എന്തായാരുന്നു എന്നറിയാൻ ആ മന്ത്രിസഭക്ക് എതിരെയും ഗൗരിയമ്മക്ക് എതിരെയും മത ജന്മിത്ത പുരുഷമേധാവിത്വ ശക്തികൾ നടത്തിയ വിമോചനസമരത്തിലെ മുദ്രാവാക്യങ്ങൾ നാം ഓർത്തിരിക്കണം.

wcc

" പാളേക്കഞ്ഞി കുടിപ്പിക്കും. തമ്പ്രാനെന്നു വിളിപ്പിക്കും ." " ഗൗരിച്ചോത്തി പെണ്ണല്ലേ , പുല്ലു പറിയ്ക്കാൻ പൊയ്ക്കൂടേ ." ഗൗരിച്ചോത്തി തളർന്നില്ല. ആ പിടിച്ചു നിൽക്കൽ ഓരോ സ്ത്രീയ്ക്കും പാഠമാണ് . വനിതാ കമ്മീഷൻ രൂപീകരണ ബിൽ മുതൽ ചരിത്രം തിരുത്തിയ എത്രയോ നേട്ടങ്ങൾക്ക് അവർ ചുക്കാൽ പിടിച്ചു. ആദിവാസി വനനിയമം അട്ടിമറിക്കാൻ കേരള നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്ത് വോട്ട് ചെയ്തപ്പോൾ അതിനെ എതിർത്ത് ഒറ്റക്ക് വോട്ട് ചെയ്ത ധീരതയുടെ പേരാണ് ഗൗരിയമ്മ .

Recommended Video

cmsvideo
എറണാകുളം; ഗൗരിയമ്മയ്ക്ക് പ്രണാമം അര്‍പ്പിച്ച് ഡബ്ല്യുസിസി

കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി പദം അവരിൽ നിന്നും തട്ടി നീക്കാൻ ആണത്ത രാഷ്ട്രീയത്തിന് കഴിഞ്ഞെങ്കിലും ഗൗരിയമ്മ ഒരു തോറ്റ ജീവിതമല്ല. ഓരോ പെൺപോരാട്ടങ്ങൾക്കും പ്രചോദനമായിരിക്കുന്ന കെടാത്ത വഴിവിളക്കാണ്. എത്ര പ്രതികൂല സാഹചര്യങ്ങളിലും സ്ത്രീകൾ പൊരുതി നിൽക്കേണ്ടത് എങ്ങിനെയാണെന്ന രാഷ്ട്രീയ പാഠമാണ് ആ ജീവിതം. ഗൗരിയമ്മയുടെ ജീവിതം നമ്മുടെ സിനിമകളിലും പല രൂപത്തിൽ വന്നിട്ടുണ്ട്. എന്നാൽ ആണത്തങ്ങൾ രാഷ്ട്രീയത്തിൽ ചെയ്യുന്നതെന്തോ അത് തന്നെയാണ് സിനിമയിലും ചെയ്തത്.

പെൺ സിനിമയുടെ പ്രസക്തിയാണ് അതെല്ലാം ഓർമ്മിപ്പിക്കുന്നത്. അത്തരം മുദ്രകുത്തലുകളെയും അപഭ്രംശങ്ങളെയും എങ്ങിനെ തട്ടി നീക്കി മുന്നേറണം എന്നതിൻ്റെ എക്കാലത്തെയും വലിയ സ്ത്രീമാതൃകയായി ഗൗരിയമ്മ അതിജീവിച്ച് കാണിച്ചു തന്നു . ആ ധീരത നമുക്കും ഒരു മാതൃകയാണ്. അത്തരം പോരാട്ടങ്ങളുടെ ഊർജ്ജമാണ് ഡബ്ലു.സി.സി.ക്കും മുന്നോട്ടുപോകാനുള്ള കരുത്ത് . ഗൗരിയമ്മക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ . നിങ്ങൾ മരിക്കില്ല. ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. ആ പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും''!

English summary
Women in Cinema Collective pays tribute to KR Gauriamma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X