ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം ഒരാള്‍ കൂടി അറസ്റ്റില്‍; ഒത്ത് തീര്‍പ്പ് സാധ്യത തള്ളാതെ ജോജു
കൊച്ചി: ഇന്ധന വിലക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധവുമായെത്തിയ സിനിമാ താരം ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
നേരത്തെ എറണാകുളം മരട് സ്വദേശിയും, ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ജോസഫ് അറസ്റ്റിലായിരുന്നു. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷരീഫിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജോസഫ് സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയ ശേഷമാണ് വഴി തടഞ്ഞതെന്നും വഴിതടയലില്‍ കുടുങ്ങിയവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടന്‍ അഭിനയിക്കേണ്ടത് റോഡില്‍ അല്ലെന്നും ജോസഫിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വഴിതടയല്‍ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ജോസഫിന്റെ അഭിഭഷകന്റെ ഈ വാദങ്ങളൊന്നും കോടതി പരിഗണിച്ചിരുന്നില്ല. നടനുമായി ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞിരുന്നു. തുടര്‍ന്ന് ജോജുവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് ഏകദേശ ധാരണയുമായിരുന്നു.

എന്നാല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ചില നേതാക്കള്‍ വീണ്ടും രൂക്ഷവിമര്‍ശനം നടത്തിയതോടെ നടന്‍ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. ജോജുവിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നായിരുന്നു ജോജുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നു എന്നും ഒരു പാര്‍ട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ നിന്നു ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു ഇത് വരെ നേരിട്ട് വന്നിട്ടില്ല. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്നും അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നത് കോണ്‍ഗ്രസ് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നേതാക്കള്‍ക്ക് എതിരായ കേസുകളില്‍ തുടര്‍നടപടികള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നിറവേറ്റിയത് പ്രതിപക്ഷ ധര്‍മമാണ്. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ മഹത്വവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജോജു നടത്തിയ തെറി അഭിഷേകം ചാനല്‍ ക്യാമറകളില്‍ ഉണ്ട്. ജോജു പറഞ്ഞതെല്ലാം പച്ചക്കളവും അഭാസവുമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടിയെന്നും മഹിള കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം ഷിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേരളപ്പിറവി ദിനത്തില്‍ ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വൈറ്റില മേല്‍പ്പാലം ഉപരോധത്തിനിടെയായിരുന്നു സംഭവം. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചുകൊണ്ടിരിക്കെയായിരുന്നു സിനിമാ താരം ജോജു പ്രതിഷേധിച്ചത്. മണിക്കൂറുകളായി ഇവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ടെന്നും. രോഗികളടക്കമുള്ളവര്‍ പോകാനായി കാത്തുനില്‍ക്കുന്നുണ്ടെന്നുമായിരുന്നു ജോജു പറഞ്ഞത്. പിന്നീട് പ്രവര്‍ത്തകരും ജോജുവും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഒടുവില്‍ പോലീസെത്തി വാഹനങ്ങളൊക്കെയും കടത്തി വിടാന് ആരംഭിച്ചുവെങ്കിലും ജോജുവിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിനിടെ കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

പിന്നീട് എസ്‌ഐഎത്തി ജോജുവിന്റെ കാറില്‍കയറിയാണ് വഴിയൊരുക്കി കാര്‍ പുറത്തേക്കെടുപ്പിച്ചത്. കാറിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെയും റോഡ് ഉപരോധത്തില്‍ 30 പേര്‍ക്കെതിരെയുമാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയായി ചേര്‍ത്താണ് പൊലീസ് കേസ് രജസിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വി ജെ പൗലോസ് രണ്ടാം പ്രതിയും, കൊടിക്കുന്നില്‍ സുരേഷ് മൂന്നാംപ്രതിയുമാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും അനുമതി നല്‍കിയിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

ജോജു മദ്യപിച്ചിരുന്നുവെന്നും വനിതാ പ്രവര്‍ത്തകരെയുള്‍പ്പെടെ അസഭ്യം പറഞ്ഞിരുന്നുവെന്നും കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ജോജു മദ്യപിച്ചിരുന്നു എന്ന നിലപാടില്‍ തന്നെയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസും ഉറച്ചു നിന്നിരുന്നത്. ജോജു മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണോയെന്ന് സമശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തിയത്. അസഭ്യം പരഞ്ഞത് തന്നെയാണെന്നും തന്റെ വീട്ടിലിരിക്കുന്നവരെ പോലും ചീത്ത പറഞ്ഞുവെന്നും വൈദ്യ പരിശോധനക്ക് ശേഷം പുറത്ത് വന്ന ജോജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ജോജു മദ്യാപിച്ചിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഗുണ്ടയെപോലെയാണ് അദ്ദേഹം പെരുമാറിയതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ജോജുവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
Recommended Video

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ച്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധത്തനിടെയുണ്ടായ സംഭവത്തില്‍ കൊച്ചിയിലെ ജനങ്ങളോടാ മാപ്പ ചോദിക്കുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. കൊച്ചി വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. ദീപാവലി തലേന്ന് ഉണ്ടായത് തിന്മയുടെ മേല്‍ നന്മയുടെ വിജയമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായ സമരങ്ങളുടെ പരിണിത ഫലമാണെന്നും നേതാക്കള്‍ പറഞ്ഞു.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്












Click it and Unblock the Notifications