സംഭവസമയം ജോജു മാസ്‌ക്ക് ധരിച്ചില്ല; ജോജുവിനെതിരെ വീണ്ടും പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധവുമായിയെത്തിയ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ വീണ്ടും പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സംഭവസമയത്ത് ജോജു മാസ്‌ക്ക് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് കൊച്ചി ഡിസിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. നിലവില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനായ മരട് സ്വദേശി ജോസഫിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ രണ്ട് ദിവസമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ക്കായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായോക്കും.

കീഴടങ്ങിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, ജോജുവിനെതിരായ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ജില്ലാ തലത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനിയും നിരവധി പേര്‍ അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. എല്ലാവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് കാര്‍ തകര്‍ത്ത സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ റോഡ് ഉപരോധിച്ചതിന്റെ പേരില്‍ 30 ഓളം പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്.

മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും ജോജുവിനെതിരായ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് പൊലീസ് അറിയിച്ചത്. ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരമാണ് ഒടുവില്‍ നാടകീയ രംഗങ്ങളില്‍ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഏറെ നേരമായതോടെ നടന്‍ ജോജു ജോര്‍ജ് ഇറങ്ങി വരികയായിരുന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ അദ്ദേഹം പ്രതിഷേധം ഉന്നയിക്കുകയും ചെയ്തു.
തന്റെ കാറിനടുത്തുള്ള വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും തൊട്ടപ്പുറത്തുള്ള കാറില്‍ ഒരു ഗര്‍ഭിണി സ്‌കാനിംഗിനായി പോകുകയാണെന്നും ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ആയിരുന്നു ജോജു പറഞ്ഞത്. പിന്നീട് ജോജുവും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. പൊലീസെത്തി ഒടുവില്‍ വാഹനങ്ങള്‍ കടത്തിവിടുമ്പോഴേക്കും ജോജുവിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് ജോജുവിന്റെ കാറിന്റെ പിറകിലെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നും വനിതാ പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ജോജുവിന്റെ വൈദ്യ പരിശോധനയില്‍ അദ്ദേഹം മദ്യപിച്ചിട്ടില്ലായിരുന്നുവെന്നാണ് കണ്ടെത്തിയത്. മദ്യപിച്ചുവെന്ന പ്രവര്‍ത്തകരുടെ വാദം ഇതോടെ പൊളിയുകയായിരുന്നു. എന്നാല്‍ ജോജു മദ്യപിച്ചിരുന്നുവെന്ന് തന്നെയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ വാദം. അദ്ദേഹം മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി വന്നതാണെന്ന് സംശയിക്കുന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പിണറായി സര്‍ക്കാറിനാവില്ലെന്നും, മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണന്നും ഷിയാസ് ആരോപിച്ചു. സിറ്റി പൊലീസ് കമ്മീഷ്ണറും ഏക പക്ഷിയമായാണ് പെരുമാറിയതെന്നും കലാകാരന്മാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് നീതിയാണെന്നും അദ്ദേഹം ആരോപിച്ചു.
Recommended Video

വൈദ്യ പരിശോധനക്ക് ശേഷം പുറത്തെത്തിയ ജോജു ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചത്. എനിക്കൊരു മഖലും, അമ്മയും, സഹോദരിയുമുണ്ടെന്നും അവരെയൊക്കെ താന്‍ പൊന്ന് പോലെയാണ് നോക്കുന്നതെന്നും ജോജു പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ലെന്നും തന്റെ വീട്ടിലിരിക്കുന്ന അച്ഛനും അമ്മക്കും വരെ പ്രവര്‍ത്തകര്‍ വിളിച്ചുവെന്നും ജോജു പറഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ജോജു കേസ് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ മാളയിലെ വസതിയിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറയാതെ ജോജുവിനെ മാളയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്. ജോജുവിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ മാള ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകരും പറഞ്ഞു. ജോജുവിന്റെ വിഷയം നിയമസഭയിലും വലിയ വാഗ്വാദങ്ങള്‍ക്കിടയാക്കി. സമരമെങ്ങനെ ചെയ്യണമെന്ന് മുഖ്യമന്ത്രി തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ ഭാഷയിലല്ല കെ സുധാകരന്‍ സംസാരിച്ചതെന്ന് മുഖ്യമന്ത്രി തിരിച്ചടിക്കുകയായിരുന്നു. ജോജുവിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജോജു ഗുണ്ടയെപോലയാണ് പെരുമാറിയതെന്നും, വനിതാ പ്രവര്‍ത്തകരോട് അഫരമര്യാദയായി പെരുമാറിയെന്നും, മദ്യപിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ ആഞ്ഞടിച്ചിരുന്നു. അതേസമയം വഴി തടയല്‍ പോലുള്ള സമരങ്ങള്‍ക്ക് താന്‍ മുന്‍പേ എതിരാണെന്നാണ് വീഡി സതീശന്‍ പറഞ്ഞത്. ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. സിനിമാീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ അനുകൂലിച്ചെത്തിയത്. സംവിധായകരായ എം പത്മകുമാര്‍, ബി ഉണ്ണികൃഷ്ണന്‍, മധുപാല്‍ എന്നിവര്‍ ജോജുവിനെ അനുകൂലിച്ച് രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റും കമന്റും ഇട്ടത്. അതേസമയം കഴിഞ്ഞ ദിവസം ജോജുവിന്റെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവ അപ്രത്യക്ഷമാണ്.












Click it and Unblock the Notifications