'ആമസോൺ കാട് കത്തിയ സമരത്തിനെന്ന് കരുതി', എഎ റഹീമിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: എഎ റഹീം എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും അറസ്റ്റ് വാറണ്ട് എന്നാണ് വാർത്ത കേട്ടപ്പോൾ കരുതിയതെന്ന് രാഹുൽ പരിഹസിച്ചു. സ്വാതന്ത്ര്യത്തെപറ്റിയും, സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെ പറ്റിയും പറയുന്നവർ തന്നെയാണ് പ്രൊഫസർ വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം പൂർണരൂപം: '' "DYFI അഖിലേന്ത്യ പ്രസിഡന്റ് AA റഹീമിന് അറസ്റ്റ് വാറണ്ട്" . ഈ വാർത്ത ന്യൂസ്ഫീഡിൽ കണ്ടപ്പോൾ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയത്. എന്തായാലും കേരളത്തിൽ പിണറായി രാജ ഭരിക്കുന്നതിനാൽ ശ്രീ റഹീമിനു ഇവിടുത്തെ ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല. മാത്രമല്ല സർക്കാർ കൊള്ളരുതായ്മകൾ ന്യായികരിക്കുന്ന പ്രധാന തിലകമാണ് താനും അദ്ദേഹം. ന്യായീകരണം IPC കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ്! അല്ലെങ്കിൽ ഒരായിരം ജീവപര്യന്തം മിനുമം കിട്ടേണ്ടുന്ന ആളാണ്.

പറഞ്ഞ് വന്നത് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത് SFIയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സർവ്വകലാശാല സ്റ്റുഡന്റ്സ് സർവ്വീസ് മേധാവി പ്രൊഫസർ വിജയലക്ഷ്മിയെ അന്യായമായി തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ്. ഇതാണ് CPMന്റെ സമരസംസ്കാരം. ഇവർ തന്നെയാണ് സ്വാതന്ത്ര്യത്തെപറ്റിയും, സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെ പറ്റിയും പറയുന്നത്...''
എസ്എഫ്‌ഐ നടത്തിയ സമരത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് മേധാവിയും പ്രൊഫസറുമാ വിജയലക്ഷ്മിയെ ഘരാവോ ചെയ്ത് ഭീഷണിപ്പെടുത്തുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്തു എന്നുളള പരാതിയിലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ കൂടിയായ എഎ റഹീമിനെതിരെയുളള അറസ്റ്റ് വാറണ്ട്. കേസില്‍ നേരിട്ട് ഹാജരാകാന്‍ എഎ റഹീമിനോട് കോടതി നിര്‍ദേശിച്ചിരുന്നു. നേരിട്ട് ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.












Click it and Unblock the Notifications