'എന്തൊരു സൈക്കോളജക്കിൽ മൂവാണ്', ബൽറാം ആണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് റിജിൽ മാക്കുറ്റി
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറുമായുളള സൌഹൃദം പങ്കുവെച്ച സ്പീക്കർ എംബി രാജേഷിന് എതിരെ വിമർശനം ശക്തമാകുന്നു. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണത്. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല എന്നാണ് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചത്. അനുരാഗ് താക്കൂറുമൊരുമിച്ചുളള ചിത്രങ്ങളും എംബി രാജേഷ് പങ്കുവെച്ചിരുന്നു.
പൌരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധ സമരക്കാരെ വെടിവെയ്ക്കണം എന്നുളള അനുരാഗ് താക്കൂറിന്റെ പ്രസംഗം വൻ വിവാദമായിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷത്തെ നേതാക്കൾ അടക്കം എംബി രാജേഷിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. തൃത്താലയിൽ എംബി രാജേഷിനോട് തോറ്റ വിടി ബൽറാമും രാജേഷിനെതിരെ രംഗത്ത് വന്നിരുന്നു.. ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു എന്നാണ് എംബി രാജേഷിന്റെ പേര് പറയാതെ വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ബല്‍റാമുമായി തനിക്ക് അടുത്ത സൗഹൃദം ഇല്ലെന്ന് സ്പീക്കര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഏറ്റവും ഒടുവിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയാണ് എംബി രാജേഷിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. റിജിൽ മാക്കുറ്റിയുടെ പ്രതികരണം ഇങ്ങനെ: '' RSS കാരനായ അനുരാഗ് ഠാക്കൂർ എന്ന മതവെറിയനായ വർഗീയ തീവ്രവാദിയുടെ സൗഹൃദങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്പീക്കർ താങ്കൾ മാസല്ല കൊലമാസ്സാണ്. താങ്കൾ ഹൃദയത്തിൽ തന്നെ സൂക്ഷിക്കണം കാരണം തൃത്താല കരകയറിയത് എങ്ങനെയാണ് കൃത്യമായി ബോധ്യമായി.
ഠാക്കൂർ ഇഫക്റ്റ് തൃത്താലയിൽ നന്നായി വീശിയിറ്റുണ്ട്. ഏതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല. അതിൻ്റെ പേരിൽ ഏറ്റുവാങ്ങിയ തോൽവിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു. അതെ ബൽറാം ആണ് ശരിയെന്ന് കാലം തെളിയിക്കും. പിന്നെ സ്പീക്കർ മലബാർ കലാപവുമായി എടുത്ത നിലപാട് ഠാക്കൂരിലൂടെ ബാലൻസ് ചെയ്തു. എന്തൊരു സൈക്കോളജക്കിൽ മൂവാണ് സ്പീക്കർ നടത്തിയത്. ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻ പെയിൻ്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു''.
എംബി രാജേഷിന്റെ വിവാദമായ കുറിപ്പ് ഇങ്ങനെ: '' കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണത്. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല.
അദ്ദേഹം യുവമോർച്ചയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഞാൻ ഡി വൈ എഫ് ഐ യുടെ പ്രസിഡന്റ് ആയിരുന്നു.പാർലമെന്റിലെ തെരഞ്ഞെടുത്ത യുവ എം പി മാർ എഴുതിയ ലേഖനങ്ങൾ ശശി തരൂർ എഡിറ്റ് ചെയ്ത് ' India - The future is now' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.അതിൽ ഞങ്ങൾ ഇരുവരുടെയും ലേഖനങ്ങൾ ഉൾപ്പെട്ടിരുന്നു. പാർലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.ഹിമാചൽ പ്രദേശിലെ രഞ്ജി താരവുമായിരുന്ന അനുരാഗ് താക്കൂർ ബി സി സി ഐ യുടെ തലപ്പത്തുമെത്തി. ക്രിക്കറ്റ് താത്പര്യവും സൗഹൃദത്തിന്റെ കാരണങ്ങളിൽ ഒന്നാണ്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരിൽ കാണുന്നത്. നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷം''.












Click it and Unblock the Notifications