'ബിജെപിക്ക് അബ്ദുള്ളക്കുട്ടി പോലെ സിപിഎമ്മിന് കെടി ജലീൽ', തുറന്നടിച്ച് പികെ ഫിറോസ്
കോഴിക്കോട്: മുൻ മന്ത്രി കെടി ജലീലിന് എതിരെ പികെ ഫിറോസ്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് കൈമാറിയ സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരെ പള്ളികൾ വഴി പ്രചാരണം നടത്താനുളള മുസ്ലീം ലീഗ് നീക്കത്തിന് എതിരെ കെടി ജലീൽ രംഗത്ത് വന്നിരുന്നു. പള്ളികൾ മുസ്ലിം ലീഗിൻ്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം എന്നാണ് കെടി ജലീൽ പ്രതികരിച്ചത്.
പികെ ഫിറോസിന്റെ പ്രതികരണം ഇങ്ങനെ: '' അബ്ദുള്ളക്കുട്ടി ബി.ജെ.പിക്ക് എങ്ങനെയാണോ അതുപോലെയാണ് സി.പി.എമ്മിന് കെ.ടി ജലീൽ. സമുദായ വിരുദ്ധമായ എന്ത് തീരുമാനങ്ങൾ കേന്ദ്രം പാസാക്കിയാലും അത് 'സമുദായ ഭാഗത്ത് നിന്നു' വെളുപ്പിക്കേണ്ട ഉത്തരവാദിത്തം അബ്ദുള്ളക്കുട്ടിക്കുണ്ട്. സിപിഎം എപ്പോഴൊക്കെ സമുദായ വിരുദ്ധ തീരുമാനം കൈ കൊള്ളുമ്പോഴും അതിനു ദാർശനിക മുഖം നൽകി വെളുപ്പിക്കാനുള്ള ജോലിയാണ് ജലീലിനു നൽകപ്പെട്ടിട്ടുള്ളത്.

വിശ്വാസികളെ ബാധിക്കുന്ന ഒരു വിഷയത്തിലല്ലാതെ ഇന്നേവരെ കേരളത്തിലെ മുസ്ലിം മത സംഘടനകൾ ഭരണകൂടങ്ങൾക്കെതിരെ കൂട്ടായ്മ രൂപീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടില്ല. CAA വിഷയത്തിൽ കേരളമിത് കണ്ടതാണ്. അത് തന്നെയാണ് വഖഫ് വിഷയത്തിലും സംഭവിച്ചത്. മത സംഘടനകളുടെ കൂട്ടായ്മ കൈകൊണ്ട തീരുമാനമാണ് വിശ്വാസികളെ വിഷയം ധരിപ്പിക്കുക എന്നത്. പള്ളിയുമായി ബന്ധപ്പെട്ട വിഷയം പള്ളിയിലല്ലാതെ പിന്നെ പാർട്ടി പ്ലീനത്തിലാണോ അവതരിപ്പിക്കേണ്ടത്?പള്ളികളിലെ ബോധവത്കരണമെന്ന വിഷയം ജലീൽ വഴിതിരിച്ചുവിട്ടത് 'ലീഗ് ഈ വഴി സ്വീകരിച്ചാൽ ആർഎസ്എസ് ശക്തമാകും' എന്നുപറഞ്ഞാണ്.
സമസ്ത നേതാവ് ബഹുമാന്യനായ അബ്ദുസ്സമദ് പൂക്കോട്ടൂർ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ പോലെ, "കേരളത്തിൽ സമീപ കാലത്തായൊരു ട്രെന്റുണ്ട്. സമുദായ സംബന്ധിയായ എന്ത് വിഷയം സംഭവിച്ചാലും ഒന്നുകിൽ അത് ലീഗിനെതിരെയുള്ള പ്രശ്നമാക്കി ചിത്രീകരിക്കുകയോ, അല്ലെങ്കിൽ വർഗ്ഗീയമായി ചിത്രീകരിക്കുകയോ ചെയ്തു വിഷയത്തിന്റെ മെറിറ്റ് നശിപ്പിക്കുന്ന ഏർപ്പാട്.." മുൻപ് പല വിഷയങ്ങളിലും സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് നാം കണ്ടതാണ്. ഇതിനൊക്കെ ചുക്കാൻ പിടിച്ച് സമുദായത്തെ ഒറ്റുകൊടുക്കാൻ എല്ലായ്പ്പോഴും മുന്നിലുണ്ടായിരുന്നത് ജലീലുമാണ്. വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ മത സംഘടനകളുടെ ആശങ്കകൾ അസ്ഥാനത്തല്ല. അവരുടെ ആവശ്യങ്ങൾ ന്യായമാണ്. അവരോടൊപ്പം ഈ വിഷയം രാഷ്ട്രീയമായി പ്രതിരോധിക്കാൻ മുസ്ലിം ലീഗുണ്ടാകും''.












Click it and Unblock the Notifications