മകനെ മനോരോഗിയാക്കി ചിത്രീകരിക്കുന്നു; തൃശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം
തൃശൂര്‍: കോളജ് വിദ്യാര്‍ത്ഥികളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂട്യൂബര്‍ മണവാളന്റെ കുടുംബം തൃശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്കെതിരെ രംഗത്ത്. ജയില്‍ അധികൃതര്‍ മകന്റെ മുടിയും താടിയും വെട്ടി രൂപമാറ്റം വരുത്തിയതായി ആരോപിച്ച കുടുംബം മകനെ മനപ്പൂര്‍വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായും പറഞ്ഞു.
തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയായ മുഹമ്മദ് ഷഹീന്‍ ഷാ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സുള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് 26 കാരനായ ഷഹീന്‍. കഴിഞ്ഞ വര്‍ഷം കേരള വര്‍മ്മ കോളജിന് സമീപം മദ്യപാനത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് അപകടത്തില്‍പെടുത്താന്‍ ശ്രമിച്ചത്.

പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പത്ത് മാസത്തോളമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
കുടുംബത്തിന്റെ ആരോപണങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിയിലും മുഖ്യമന്ത്രിക്കും ജയില്‍ ഡിജിപിക്കും പരാതിയായി നല്‍കി.
ജയില്‍ അധികൃതര്‍ പെരുമാറുന്നത് വൈരാഗ്യ ബുദ്ധിയോടെയാണ്. ഷഹീന്‍ ഷായെ തൃശൂര്‍ ജില്ലാ ജയിലില്‍ നിന്നും മാറ്റണം, മകനെ കോടതിയിലേക്ക് വിളിച്ച് രൂപമാറ്റം വരുത്തിയത് പരിശോധിക്കണം. അങ്ങനെയൊരു അധികാരം ജയില്‍ അധികൃതര്‍ക്കില്ലെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ജയിലില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അന്വേഷണം വേണം. ഈ മൂന്ന് ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കുടുംബം പരാതി നല്‍കിയത്. മനോരോഗിയാക്കിയേ പുറത്ത് വിടൂ എന്ന് ജയില്‍ അധികൃതര്‍ മകനോട് പറഞ്ഞതായി മാതാവ് റായിഷ ആരോപിച്ചു.
ജില്ലാ ജയിലിന് മുന്‍പില്‍ റീല്‍ ചിത്രീകരണമല്ല ഉണ്ടായത്. ഭാര്യയെയും മകളെയും ആശ്വസിപ്പിക്കുന്നതിനായി മണവാളന്റെ വീഡിയോ താന്‍ എടുത്തതാണെന്ന് പിതാവ് പറഞ്ഞു. ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, മണവാളന്റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമായാണെന്നാണ് ജയില്‍ അധികൃതരുടെ വാദം. മുടി മുറിച്ചത് മറ്റ് തടവുകാര്‍ക്ക് പ്രയാസമായത് കൊണ്ടാണെന്നും ജയില്‍ ആസ്ഥാനത്തേക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച രാത്രി കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നാണ് ഷഹീന്‍ ഷായെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ ഷഹീന്‍ ഷാ ജയില്‍ കവാടത്തിനു മുന്നില്‍ വച്ചുപോലും റീല്‍സ് ചിത്രീകരിച്ചിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications