സിപിഎം അംഗങ്ങളുടെ വോട്ട് കോണ്‍ഗ്രസിന്: ചിറക്കര പഞ്ചായത്തില്‍ ഇനി യുഡിഎഫ് ഭരണം
കൊല്ലം: ചിറക്കര പഞ്ചായത്ത് ഭരണം എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുത്ത് യു ഡി എഫ്. സി പി എം അംഗങ്ങളുടെ കൂറുമാറ്റാണ് യു ഡിഎഫിന് വിജയം സമ്മാനിച്ചത്. എൽ ഡി എഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനമാറ്റത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എം അംഗങ്ങളായിരുന്ന സജിലയും സുചിത്രയും കൂറുമാറി കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു.
സി പി ഐ അംഗമായിരുന്നു ഇതുവരെ പഞ്ചായത്ത് പ്രസിഡന്റ്. എല്‍ ഡി എഫിലെ ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയാക്കി ഇവർ തെരഞ്ഞെടുപ്പ് ധാരണ പ്രകാരം രാജിവച്ചു. ഇതിന് ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച തർക്കമാണ് എല്‍ ഡി എഫിന് പഞ്ചായത്ത് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയില്ലെന്നതാണ് സജിലയുടെ കൂറുമാറ്റത്തിന് കാരണം.

രണ്ട് അംഗങ്ങള്‍ കൂറുമാറിയതോടെ 16 അംഗ പഞ്ചായത്തില്‍ യു ഡി എഫ് എട്ട്, എല്‍ ഡി എഫ് ആറ്, ബി ജെ പി രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എല്‍ ഡി എഫില്‍ സി പി എമ്മിന് അഞ്ച് അംഗങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇന്നത്തെ സംഭവ വികാസങ്ങളോടെ സി പി എം അംഗബലം മൂന്നായി.
അതേശമയം സമാനമായ രീതിയില്‍ കഴിഞ്ഞയാഴ്ച ചങ്ങനാശ്ശേരി നഗരസഭ ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും ഭരണസമിതിക്കുമെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യു ഡി എഫ് ഭരണം വീണത്. 37 അംഗ കൗണ്‍സിലില്‍ രണ്ട് ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു.
അവിശ്വാസ പ്രമേയത്തെ എതിർക്കുന്ന യു ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നഗരസഭയില്‍ ആകെയുള്ള മൂന്ന് ബി ജെ പി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അംഗങ്ങള്‍ക്ക് യു ഡി എഫ് വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രണ്ടുപേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ രാജു ചാക്കോ, 33-ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത്.












Click it and Unblock the Notifications