എയര്‍ ഇന്ത്യ വിമാനം ചവറ പാലത്തില്‍ കുടുങ്ങി; അമ്പരന്ന് നാട്ടുകാര്‍
കൊല്ലം: ലേലത്തില്‍ വാങ്ങിയ വിമാനം റോഡുമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ചവറ പാലത്തില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കൊണ്ടു പോയ എയര്‍ ഇന്ത്യ വിമാനമാണ് ചവറ പാലത്തില്‍ ട്രെയിലറിന്റെ ടയര്‍ പഞ്ചറായി കുടുങ്ങിയത്. ആക്രിവിലയ്ക്ക് ലേലത്തില്‍ വാങ്ങിയ വിമാനമാണിത്.
കഴിഞ്ഞ ദിവസം കൊല്ലം ബൈപ്പാസില്‍ കുരീപ്പുഴ ടോല്‍ പ്ലാസയിലും ട്രെയിലര്‍ കുടുങ്ങിയിരുന്നു. വിമാനവുമായി ടോള്‍ പ്ലാസ കടക്കാനാവാതെ വന്നതോടെ ട്രെയിലര്‍ റോഡരികില്‍ നിര്‍ത്തിയിടുകയായിരുന്നു. ഈ വിമാനം കാണാന്‍ നാട്ടുകാര്‍ കൂട്ടമായി നിന്നതോടെ പ്രദേശത്ത് ഗതാഗതകുരുക്ക് രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഗതാഗതക്കുരുക്ക് മാറ്റിയത്.

പിന്നീട് ടോള്‍ പ്ലാസയുടെ ഒരു വശത്തുകൂടി ഒരുവിധം ട്രെയിലര്‍ കടത്തിവിടുകയായിരുന്നു. ഇതിന് ശേഷമാണ് കുരീപ്പുഴ കാവനാട് പാലം കയറുന്നതിനിടെ ട്രെയിലറിന്റെ ടയര്‍ പഞ്ചറായി വീണ്ടും റോഡില്‍ കുടങ്ങിയത്. 30 വര്‍ഷത്തോളം സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ എയര്‍ ബസ് 320 വിമാനമാണ് കാലഹരണപ്പെട്ടതോടെ ലേലത്തില്‍ വിറ്റത്. ഹൈദരാബാദ് സ്വദേശി ജോഗീന്ദര്‍ സിംഗാണ് വിമാനം 75 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയത്.
2018 മുതല്‍ ഈ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെയാണ് ഈ വിമാനം ആക്രി വിലയ്ക്ക് വില്‍ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. വിമാനം പൊളിക്കുന്നതിന് വേണ്ടിയാണ് കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത്. നാല് ട്രെയിലറുകളിലാക്കിയാണ് വിമാനം കൊണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറക് കൊണ്ടു പോയ ട്രെയിലര്‍ തട്ടി കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ടിരുന്നു.












Click it and Unblock the Notifications