കെ-റെയിൽ സമരക്കാർക്കെതിരായ പോലീസ് നടപടി; ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ
കോട്ടയം: കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്‌ചയാണ് ഹർത്താൽ.
അതേ സമയം പ്രതിഷേധത്തിനുണ്ടായ സ്‌ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരുടെ അറസ്റ്റിനെതിരെ പ്രതിഷേധം രൂക്ഷമാകുകയാണ്. പൊലീസ് അറസ്റ്റു ചെയ്‌ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തി. അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ ഇനിയും വിട്ടയച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. സ്റ്റേഷന് മുന്നിലും പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു. വിഷയം നിയമസഭയിലും ചർച്ചയായി. ചങ്ങനാശ്ശേരിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

കെ റെയിൽ കല്ലിടലിനെതിരെ മാടപ്പള്ളി മുണ്ടുകുഴിയിൽ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷാവസ്ഥക്ക് തുടക്കമിട്ടത്. മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. ആത്മഹത്യാ ഭീഷണി നടത്തിയ നാട്ടുകാരുടെ പ്രതിഷേധം പിന്നീട് പൊലീസിന് നേരയും തിരിയുകയായിരുന്നു. പിന്നാലെ പൊലീസിന്റെ ബലപ്രയോഗം നടന്നു.
സ്‌ത്രീകളെ പ്രതിഷേധത്തിൽ നിന്ന് വലിച്ചിഴച്ച് നീക്കുകയായിരുന്നു. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. അതേ സമയം പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചതും ചെറിയ കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതുമാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
കല്ലുമായി എത്തിയ വാഹനത്തിന്‍റെ ചില്ല് പ്രതിഷേധക്കാർ തകർത്തിട്ടുണ്ട്. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് നാട്ടുകാരുടെ ആരോപണം. മുണ്ടുമുഴിയിൽ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് കല്ലുമായെത്തിയ വാഹനം തിരികെപ്പോകേണ്ടതായി വന്നു. കൂട്ട ആത്മഹത്യ നടത്തുമെന്നും സമരക്കാർ ഭീഷണി ഉയർത്തി.
കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തുമ്പോൾ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഉണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് ഇവർ പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തുകയായിരുന്നു. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്.












Click it and Unblock the Notifications