അധ്യാപികയുടെ ഫോണ്‍ മോഷ്ടിച്ച് സ്‌കൂള്‍ ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശം; സഹപ്രവര്‍ത്തകര്‍ ഒളിവില്‍
ഫോൺ കവർന്ന് സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ രണ്ട് അധ്യാപകരെ പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

കൊല്ലം: സ്റ്റാഫ് റൂമിൽനിന്ന് അധ്യാപികയുടെ ഫോൺ കവർന്ന് സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ രണ്ട് അധ്യാപകരെ പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തേവലക്കര ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവർക്കെതിരെ ആണ് നടപടി. സംഭവം പുറത്തായതിന് പിന്നാലെ രണ്ടുപേരും ഒളിവിലാണ്.
സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ കെഎസ് സോയയുടെ മൊബൈൽ ഫോൺ തട്ടിയെടുത്താണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. കെഎസ്ടിഎ ഉൾപ്പെടെയുള്ള വാട്‌സാപ് ഗ്രൂപ്പുകളിൽ സിപിഎം നേതാക്കളെയും സ്‌കൂളിലെ അധ്യാപകരെയും പരാമർശിച്ച് അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. ഫോൺ
നഷ്ടമായ ഉടനെ അധ്യാപക സിം ബ്ലോക്ക് ചെയ്തു പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണ വിധേയരായ പ്രജീഷും സാദിയയും മൊഴിയെടുക്കാൻ എത്താതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും സൈബർ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന് അന്വേഷണസംഘം പറഞ്ഞു.
സംഭവത്തിന് ശേഷം ഫോൺ പൂർണമായി നശിപ്പിച്ചെന്നാണ് സൂചന. പ്രതികൾക്കൊപ്പം, പരാതിക്കാരിയായ കെഎസ് സോയയേയും അധ്യാപകനായ സി എസ് പ്രദീപിനെയും സ്‌കൂളിലെ അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തതായാണ് വിവരം.
സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്‌സ്, ഗേൾസ് ഹൈസ്‌കൂളുകളിലെ നിയമനങ്ങളിൽ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടന നേതാക്കളെയുമാണ് പരിഗണിക്കുന്നതെന്ന് ആരോപണം ഉയരാറുണ്ട്. നിയമനങ്ങൾ വീതം വയ്ക്കുന്നതിനെ ചൊല്ലി പാർട്ടി ഘടകങ്ങളിലും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഏറെനാളായി അധ്യാപകർ പല ഗ്രൂപ്പുകളായിട്ടാണ് സ്‌കൂളിൽ പ്രവർത്തിക്കുന്നതെന്നും ഇവർക്കിടയിലുള്ള തർക്കങ്ങളും വൈരാഗ്യവുമാണ് ഫോൺ കവരുന്നതിനും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതിലേക്കും എത്തിയതെന്നും പൊലീസ് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.












Click it and Unblock the Notifications