വികെ പ്രകാശിനെതിരെ യുവകഥാകാരിയുടെ പരാതി; ഹോട്ടൽമുറിയിൽ എത്തി പോലീസ് തെളിവെടുത്തു
കൊല്ലം: സംവിധായകൻ വി കെ പ്രകാശിന് എതിരെ യുവ കഥാകാരി നൽകിയ പരാതിയിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 11. 30 ന് നഗരത്തിലെ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ലൈംഗികാതിക്രമം നടന്നെന്ന് പരാതിക്കാരി മൊഴി നൽകിയ ഹോട്ടൽ പോലീസ് സ്ഥിരീകരിച്ചു.
2022 ഏപ്രിൽ നാലിന് വി കെ പ്രകാശ് കൊല്ലത്തെത്തി മുറിയെടുത്തതും ബാങ്ക് ട്രാൻസ്ഫർ വഴി വാടക അടച്ചതും കംപ്യൂട്ടറിലെ ഡിജിറ്റിൽ രേഖകളുടെ പരിശോധനയിൽ പോലീസ് കണ്ടെത്തി. നാലാം നിലയിൽ അടുത്തടുത്തുള്ള രണ്ട് മുറികളായിരുന്നു എടുത്തിരുന്നത്. ഇതിൽ ഒന്ന് വി കെ പ്രകാശിന്റെ പേരിലും രണ്ടാമത്തേത് ഇദ്ദേഹത്തിന്റെ അതിഥി എന്ന നിലയിവുമാണ് കംപ്യൂട്ടർ രേഖയിലുള്ളത്.

ലൈംഗികാതിക്രമം നടന്ന മുറി പരാതിക്കാരി പോലീസിന് കാണിച്ചുകൊടുത്തു. കുറ്റകൃത്യം നടന്നതായി ആരോപിക്കുന്ന ദിവസം വി കെ പ്രകാശ് ഹോട്ടലിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വരുംദിവസങ്ങളിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും.
സർക്കാർ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഡി ഐ ഡി അജിതാ ബീഗം, പോലീസ് സൂപ്രണ്ട് മധുസൂദനൻ എന്നിവർ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്യ കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പള്ളിത്തോട്ടം എസ് എച്ച് ഒ ബി ഷഫീക്കിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ വനിതാ സെൽ എസ് ഐ വി സ്വാതി, ജി എസ് ഐ സരിത എന്നിവരും പങ്കെടുത്തു.
അതേ സമയം, മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വെച്ച് മുകേഷ് അപര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
നേരത്തെ നടിയുടെ ലൈംഗിക പീഡന പരാതിയിൽ കൊച്ചി മരട് പോലീസാണ് ബലാത്സംഗ കുറ്റം അടക്കം ചുമത്തി മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു.












Click it and Unblock the Notifications