കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജി പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു
കൊല്ലം: കോണ്‍ഗ്രസ് നേതാവും ചാത്തന്നൂര്‍ മുന്‍ എം എല്‍ എയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ ജി പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. 63 വയസായിരുന്നു. വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണ് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അന്ത്യം. 2012 മുതല്‍ 2014 വരെ കൊല്ലം ഡി സി സി പ്രസിഡന്റായിരുന്നു. കുണ്ടറ പേരൂര്‍ സ്വദേശിയാണ്.
കെ എസ് യുവിലൂടെയാണ് തമ്പാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കെ എസ് യു ട്രഷറര്‍. കാലാവേദി കണ്‍വീനര്‍, കെ എസ് യുവിന്റെ ഏക ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രെഷറര്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, പ്രതാപവര്‍മ തമ്പാന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. പതിനൊന്നാം കേരള നിയമസഭയില്‍ ചാത്തന്നൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായ പ്രതാപവര്‍മ്മ തമ്പാന്‍ മികച്ച ഒരു സാമാജികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന് ജനകീയനായ നേതാവായി മാറി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ ബഹു സ്പീക്കറും പങ്കുചേരുന്നു.
മികച്ച സംഘാടനകനും പ്രാസംഗികനുമായിരുന്ന തമ്പാന്‍ കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക സംഭവാനകള്‍ നല്‍കിയ നേതാവാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലഘട്ടം മുതല്‍ കോണ്‍ഗ്രസിനെ ജീവവായുപോലെ സ്നേഹിച്ച തമ്പാന്‍ ഏറ്റെടുത്ത പദവികളിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റായും കൊല്ലം ഡിസിസി പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തമ്പാന്‍ പാര്‍ലമെന്റരി രംഗത്തും ശോഭിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ കമ്മിറ്റിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവാണ്. ദീര്‍ഘനാളത്തെ വ്യക്തിബന്ധം തനിക്ക് പ്രതാപവര്‍മ്മ തമ്പാനുമായി ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസവും അദ്ദേഹവുമായി കെപിസിസി ആസ്ഥാനത്ത് ഏറെ നേരം സംഘടനകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഈ നിമിഷം വളരെ വേദനയോടെ ഓര്‍ത്തെടുക്കുകയാണ്. പ്രതാപവര്‍മ്മ തമ്പാന്റെ വേര്‍പാട് കോണ്‍ഗ്രസിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുധാകരന്‍ പറഞ്ഞു.
പ്രതാപവര്‍മ്മത്തമ്പാന്റെ ആകസ്മികമായ ദേഹവിയോഗത്തെ സംബന്ധിച്ച വാര്‍ത്ത തികച്ചും ഞെട്ടലോടുകൂടിയാണ് താന്‍ ശ്രവിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു.ക്കാലം മുതല്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരുത്തമ സുഹൃത്തിനെയാണ് തമ്പാന്റെ വേര്‍പാടു മൂലം നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കൊല്ലം ജില്ലയില്‍ നിന്നുള്ള കരുത്തുറ്റ നേതാവിനെയും മികച്ച സംഘാടകനെയുമാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഡി സി സി അധ്യക്ഷനായും ചാത്തന്നൂരിലെ നിയമസഭാംഗമായും തിളങ്ങിയ തമ്പാന്‍ അടിമുടി കോണ്‍ഗ്രസുകാരനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ എസ് യു. ജനറല്‍ സെക്രട്ടറി , സംസ്ഥാന ട്രഷറര്‍, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതാപവര്‍മ തമ്പാന്റെ അപ്രതീക്ഷിത വിയോഗം കോണ്‍ഗ്രസ് നേതൃത്വത്തിന് തീരാനഷ്ടമാണ്. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു .












Click it and Unblock the Notifications