'രണ്ട് മൂന്ന് ദിവസമായി ആ കാർ പ്രദേശത്ത് തന്നെയുണ്ട്..'; അഭിഗേലിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അയൽവാസി
കൊല്ലം: ഓയൂരിൽ ആറുവയസുകാരി അഭിഗേൽ സാറയുടെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ വൻ ആസൂത്രണം നടന്നുവെന്ന് വ്യക്തമാക്കുന്ന മൊഴിയുമായി അയൽവാസി. രണ്ട് മൂന്ന് ദിവസമായി കാർ പ്രദേശത്ത് തന്നെ ഉണ്ടായിരുന്നുവെന്നും, ബന്ധുക്കളുടെയോ മറ്റോ കാറായിരിക്കാം എന്ന് കരുതിയാണ് ശ്രദ്ധിക്കാഞ്ഞതെന്നും കുട്ടിയുടെ അയൽവാസിയായ സുനിത പറഞ്ഞു.
വൈകുന്നേരത്തോടെ 100 മീറ്റര്‍ അകലെ നിന്ന് കുട്ടിയുടെ നിലവിളി കേട്ട് ഓടിച്ചെല്ലുകയായിരുന്നു എന്നാണ് സുനിത പറയുന്നത്. അനിയത്തിയെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞ് ആൺകുട്ടി നിലവിളിച്ചുകൊണ്ട് ഓടി വരികയായിരുന്നു. വെള്ളക്കാറിലാണ് കൊണ്ടുപോയതെന്നാണ് കുട്ടി പറഞ്ഞത്. അപ്പോഴേക്കും കുട്ടിയുടെ അമ്മൂമ്മ ഓടിവന്നു. എല്ലാ ദിവസവും കളിച്ചു ചിരിച്ച് കുട്ടികള്‍ ഈ വഴിയാണ് പോകാറുള്ളതെന്നും സുനിത പറയുന്നു.

ഒരു കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞിരുന്നെങ്കിലും അത് കാര്യമായി എടുത്തില്ലെന്നാണ് കുട്ടികളുടെ അമ്മൂമ്മ പറയുന്നത്. കാർ വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടുവെന്ന് കുട്ടികൾ നേരത്തെയും പറഞ്ഞിരുന്നു. കാറിൽ നിന്ന് രണ്ട് പേർ തുറിച്ചു നോക്കിയെന്ന് പറഞ്ഞെങ്കിലും അത് തോന്നലായിരിക്കുമെന്ന് കരുതി ഗൗരവമായി എടുത്തില്ലെന്നും അവർ പറഞ്ഞു.
അതേസമയം കുട്ടിയെ കാണാതായി 16 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് ഐജി സ്‌പര്‍ജന്‍ കുമാര്‍ പറഞ്ഞു. അതിനിടെ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രവും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
ഇന്നലെ വൈകീട്ട് 4.45നാണ് അഭിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരവെയായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സഹോദരനേയും കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു.
കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നാണ് അഭിഗേലിന്റെ സഹോദരന്‍ പറയുന്നത്. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ കുട്ടികളോട് പറയുകയായിരുന്നു. ഇത് വാങ്ങാനായി അടുത്തെത്തിയപ്പോള്‍ കുട്ടിയെ കാറിലേക്ക് വലിച്ചിടുകയായിരുന്നു. അതിനിടെ സംഭവം നടന്ന് ഇത്രയും സമയത്തിനിടെ രണ്ട് തവണ അക്രമി സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഇന്ന് 10 മണിക്കുള്ളില്‍ 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം എന്നാണ് ഇവരുടെ ആവശ്യം.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഉത്തരവ്.












Click it and Unblock the Notifications