'എല്ലാവര്‍ക്കും നന്ദി, ലവ് യു ഓള്‍'; പ്രാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞ് ആറ് വയസുകാരി
കൊല്ലം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് കൊല്ലത്ത് നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി. അച്ഛനും അമ്മക്കും സഹോദരനും ഒപ്പമുള്ള വീഡിയോയില്‍ ആണ് കുട്ടി എല്ലാവരോടും നന്ദി പറഞ്ഞത്. ' എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി, ലവ് യു ഓള്‍' എന്നാണ് കുട്ടി വീഡിയോയില്‍ പറഞ്ഞത്. തിങ്കളാഴ്ച വൈകീട്ടാണ് കൊല്ലം ഓയൂര്‍ സ്വദേശിയായ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയത്.
കാറിലെത്തിയ ഒരു സ്ത്രീ അടക്കമുള്ള നാലംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സഹോദരനേയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കേരളമാകെ ആറ് വയസുകാരിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. 20 മണിക്കൂറിന് ശേഷം ഇന്നലെ ആശ്രാമാം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി രണ്ട് തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍ വിളിച്ചിരുന്നു.

ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമായിരുന്നു ആവശ്യപ്പെട്ടത്. അതിനിടെ ആറ് വയസുകാരിക്കും കുടുംബത്തിനും പ്രാഥമിക കൗണ്‍സിലിംഗ് നടത്തി. എ ആര്‍ ക്യാമ്പിലെത്തിയ ആറ് വയസുകാരി അച്ഛന്‍ റെജിക്കും അമ്മ സിജിക്കും സഹോദരനും ഒപ്പം കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ എത്തിയിരുന്നു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്നാണ് സംശയം.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മയക്കാന്‍ മരുന്നു നല്‍കിയെന്നും പൊലീസ് സംശയിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംശയം തോന്നുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചുവെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല.
പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കൊല്ലം കണ്ണനല്ലൂരിലെ ഒരു വീട്ടിലെ കുട്ടി നല്‍കിയ വിവരം അനുസരിച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്. ആറ് വയസുകാരിയെ ആശ്രാമം മൈതാനത്ത് വെച്ച് കണ്ട പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ രേഖാ ചിത്രം തയ്യാറാക്കും. പ്രതികള്‍ ജില്ല വിട്ടില്ലെന്നും എന്നാല്‍ പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട് എന്നുമാണ് പൊലീസ് നിഗമനം.
നേരത്തെ പാരിപ്പള്ളിയിലെ കടയിലെത്തി ഫോണ്‍ ചെയ്ത് സംസാരിച്ച ആളുടെ രേഖ ചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും സി സി ടി വികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications