പഠനം തുടരണമെന്ന് അനുപമ; 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷ നൽകി
കൊട്ടാരക്കര: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി പി അനുപമയ്ക്കായി കൊല്ലം അഡീഷണൽ സെഷൻസ് കോടതി - 1 ൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭഗത്ത് നിന്ന് ജാമാപേക്ഷ നൽകുന്നത്.
കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാ രാജിൽ കെ ആർ പത്മകുമാർ ( 51), ഭാര്യ എം ആർ അനിതാ കുമാരി ( 39 ) മകൾ പി അനുപമ ( 21) എന്നിവരാണ് പ്രതികൾ. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ 27 ന് വൈകീട്ട് നാലരയോടെ ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചെന്ന കേസിൽ ആണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.

കുട്ടിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലത്തെ പൊതുസ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ച് കാറിൽ തമിഴ്നാട്ടിലേക്ക് പ്രതികൾ കടന്നത്. ഡിസംബർ 2 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം നടത്തിയ കാെല്ലം റൂറൽ ക്രൈബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകി.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് അന്വേഷിച്ചിരുന്നു. തുടക്കത്തിൽ തന്നെ പോലീസിന് ചില സംശയങ്ങൾ ഉണ്ടായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ മോചന ദ്രവ്യം ആവശ്യപ്പെട്ട് രണ്ട് ഫോൺ കോളുകളാണ് മാതാപിതാക്കൾക്ക് വന്നത്. പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഈ ഫോൺ കോളുകൾ എത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി എട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് കൂടുതൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമത്തെ ഫോൺകോൾ വന്നത്. 10 ലക്ഷം രൂപയാണ് പ്രതികൾ രണ്ടാമത് ആവശ്യപ്പെട്ടത്.
തങ്ങളുടെ കയ്യിൽ കുട്ടി സുരക്ഷിതയാണെന്നും അടുത്ത ദിവസം രാവിലെ പത്ത് മണികക്ക് ഓയൂരിലെ വീട്ടിലേക്ക് എത്തിക്കാമെന്നും രണ്ടാമത് വന്ന ഫോൺകോളിലൂടെ അറിയിച്ചു. ഒരു സ്ത്രീയാണ് ഫോണിൽ സംസാരിച്ചത്. ഫോൺ ചെയ്ത കാര്യം പോലീസിൽ അറിയിക്കരുതെന്നും സ്ത്രീ പറഞ്ഞിരുന്നു.












Click it and Unblock the Notifications