പിടിയിലായ മൂന്ന് പ്രതികളും ഒരേ കുടുംബത്തിൽ നിന്നുള്ളവർ..; നിർണായക വിവരങ്ങൾ പുറത്ത്
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ മൂന്ന് പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവുമാണ് പോലീസ് പിടിയിലായതെന്നാണ് സൂചന. പത്മകുമാറിന്റെ ഭാര്യയും മകളുമാണ് മറ്റ് രണ്ട് പ്രതികൾ. അനിത, അനുപമ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ.
കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക തർക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്റെ കാരണമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോൾ പിടിയിലായ 3 പേരും ചാത്തന്നൂർ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്. വരും മണിക്കൂറിൽ സംഭവത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് കരുതുന്നത്.

നേരത്തെ പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഓട്ടോ ആദ്യം പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കൂടുതൽ മൊഴികളുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. തട്ടിക്കൊണ്ട് പോയ ദിവസം രാത്രി താമസിച്ചത് ഒരു ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. കാറിൽ പോകുമ്പോൾ വഴിയിൽ വച്ച് പലയിടത്ത് നിന്നും കുട്ടിയുടെ തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും ഇതിനിടയില്‍ കരഞ്ഞപ്പോള്‍ ബലമായി വായ പൊത്തിപ്പിടിച്ചുവെന്നും കുട്ടിയുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പിറ്റേ ദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലും തുടര്‍ന്നുവെന്നും കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സംഘത്തിൽ ആദ്യം ഉള്ളവരേക്കാൾ കൂടുതൽ ആളുകളെ പിന്നീട് കണ്ടുവെന്നും പലരുടേയും മുഖം കൃത്യമായി ഓർമ്മയില്ലെന്നും കുട്ടി നൽകിയ മൊഴിയിലുണ്ട്. ആശ്രാമത്ത് ഉപേക്ഷിച്ചു പോയപ്പോൾ പപ്പ വരുമെന്ന് അറിയിച്ചാണ് സ്ത്രീ കടന്നു കളഞ്ഞതെന്നും കുട്ടി പറയുന്നു.
കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കഴിഞ്ഞ ദിവസം മൂന്ന് പേരുടെ രേഖാ ചിത്രം പുറത്ത് വിട്ടിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയുടേയും കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച മറ്റൊരു യുവതിയുടെയും ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.












Click it and Unblock the Notifications