വൻ കുഴികൾ റോഡിന്റെ മധ്യഭാഗത്ത്: കൊല്ലം-തിരുമംഗലം ദേശീയപാത തകർന്നു
കൊല്ലം: ഏതാനും മാസങ്ങൾക്കുമുൻപ് അറ്റകുറ്റപ്പണി നടത്തിയ കൊല്ലം-തിരുമംഗലം ദേശീയപാത തകർന്നു. റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്ക്കരമാകുകയാണ്. ദിവസവും പലഭാഗങ്ങളിലായി അപകടങ്ങൾ പെരുകുന്നു. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.
റോഡിന്റെ ഒത്തമധ്യത്തിലാണ് ഭൂരിഭാഗം കുഴികളും രൂപപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. റോഡ് നിർമാണത്തിലെ ക്രമക്കേടിന്റെ സൂചനയാണിതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന, പുനലൂർമുതൽ ആര്യങ്കാവ്, കോട്ടവാസൽവരെയുള്ള ഭാഗത്താണ് കൂടുതൽ തകർന്നത്.

ക്ഷേത്രഗിരിയിൽ തണ്ണിവളവ് കോളനിക്ക് സമീപം വീടുകൾ നശിക്കുന്നതിനും ഈ കുഴികൾ കാരണമാകുന്നു. കൂറ്റൻ ലോറികളുംമറ്റും കടന്നുപോകുമ്പോൾ കുഴിയിൽനിന്ന് തെറിക്കുന്ന കല്ലുകൾ വീടുകളുടെ ജനൽക്കണ്ണാടിയിലും ആസ്ബസ്റ്റോസ് ഷീറ്റുകളിലും കതകുകളിലും ശക്തിയായി പതിക്കുന്നതാണ് കാരണം. ഒരടിവരെ താഴ്ചയുള്ള കുഴികളുണ്ട്. ഏതാണ്ട് എട്ടുവർഷംമുൻപ് പൂർണമായും പുനർനിർമിച്ച ഈ അന്തസ്സംസ്ഥാന പാതയിൽ ഇതിനകം നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തി.
ക്ഷേത്രഗിരി, ഇടമൺ, തെന്മല, എം.എസ്.എൽ. പോലെ വൻവളവുകളുള്ള ഭാഗങ്ങളിൽ റോഡിന്റെ മധ്യത്ത് രൂപപ്പെട്ട കുഴികളാണ് കൂടുതലും അപകടമുണ്ടാക്കുന്നത്. റോഡ് പരിചയമില്ലാത്തവർ ഇത്തരം ഭാഗങ്ങളിൽ അപകടത്തിൽപ്പെടുന്നു. മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴികളുടെ ആഴവും അറിയാനാവില്ല.












Click it and Unblock the Notifications