4 അംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ആനന്ദിന്റെയും ആലീസിന്റെയും ശരീരത്തിൽ വെടിയേറ്റ പാടുകൾ
കൊല്ലം: യു എസി ലെ കാലിഫോർണിയയിൽ സാൻ മറ്റേയോയിൽ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ഡോ. ജി ഹെന്റിയുടെയും റിട്ട. അധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇരട്ട ആൺകുട്ടികളായ നോഹ, നെയ്ഥൻ ( 4) എന്നിവരാണ് മരിച്ചത്.
മരിച്ച ആനന്ദിന്റെയും ആലീസിന്റെയും ശരീരത്തിൽ വെടിയേറ്റ പാടുകൾ ഉള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് പിസ്റ്റൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേ സമയം കുട്ടികൾ എങ്ങനെയാണ് മരിച്ചതെന്ന് എന്നതിൽ ദുരൂഹത തുടരുന്നു. ഇക്കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറയുന്നു.

വിഷ വാതകം ശ്വാസിച്ചാണ് മരിച്ചതെന്നായിരുന്ന പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്ന് ഉയർന്ന വാതകം ഉറക്കത്തിൽ ശ്വസിച്ചതാവാം മരണ കാരണം എന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. അമേരിക്കൻ സമയം 12 ന് രാവിലെ 9.15 നാണ് ( ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 ന് ) പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ - ജൂലിയറ്റ് ദമ്പതികളുടെ ഏകമകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11 നാണ് അവിടെ നിന്ന് നാട്ടിലേക്ക തിരിച്ചത്. 12 ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവർക്കും വാട്സാപ്പ് മെസേജ് അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ച് വിളക്കാത്തിനെ തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്തിനോട് പറഞ്ഞ് അന്വേഷിച്ചു.
ആനന്ദിന്റെ വീടിന് പുറത്ത് എത്തിയ സുഹൃത്തിന് സംശയം തോന്നിയാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി പൂട്ട് തുറന്നപ്പോഴാണ് ഒരു മുറിയിൽ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്നാണ് സാൻ മറ്റേയോ പൊലീസ് ബന്ധുക്കളെ ആദ്യം അറിയിച്ചത്.
ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജി വെച്ച് സ്റ്റാർട്ട് അപ്പ് തുടങ്ങിയത്. ആലീസ് സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു, 7 വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്ക് പോയി. ഇതിന് ശേഷം നാട്ടിലേക്ക് വന്നില്ല.












Click it and Unblock the Notifications