രാത്രി തള്ളിയ മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്: 25,000 രൂപ പിഴയും
കൊട്ടാരക്കര: മാലിന്യങ്ങൾ വഴിയരികിൽ കൊണ്ട് കളയുന്നവർ സൂക്ഷിച്ചോ, പിടിവീഴും. റോഡരികിൽ മാലിന്യം തള്ളി രക്ഷപ്പെട്ടവരെ കയ്യോടെ പിടിക്കുകയും കൊണ്ടുതള്ളിയ മാലിന്യം കയ്യോടെ തിരിച്ച് എടുപ്പിക്കുകയും ചെയ്തിരിക്കുകയാണ് മേലില പഞ്ചായത്ത് അധികൃതർ.
അർധരാത്രിയിൽ എം.സി.റോഡരികിൽ പുരയിടത്തിൽ തള്ളിയശേഷം കത്തിച്ച മാലിന്യങ്ങളാണ് പഞ്ചായത്ത് തിരിച്ചെടുപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ ലോവർ കരിക്കത്താണ് ഒരു ലോഡ് മാലിന്യങ്ങൾ തള്ളുകയും കത്തിക്കുകയും ചെയ്തത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയതിലൂടെ വലിയ രീതിയിൽ പുക ഉയർന്നിരുന്നു. ഇത് നാട്ടുകാർക്ക് അസ്വസ്ഥ ഉണ്ടാക്കുകയും അവർ രാത്രിയിൽതന്നെ കാര്യം ചർച്ച ചെയ്യാൻ സംഘടിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത്. മാലിന്യങ്ങളിൽനിന്ന് ലഭിച്ച വിലാസങ്ങളിൽനിന്നും പത്തനംതിട്ടയിൽ നിന്നുള്ളവയാണ് ഇവയെന്ന് കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ പത്തനംതിട്ട നഗരസഭയിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു കരാറേറ്റ സ്വകാര്യ ഏജൻസിയാണ് ലോറിയിൽ മാലിന്യങ്ങൾ കരിക്കത്ത് എത്തിച്ച് കത്തിച്ചതെന്നും കണ്ടെത്തി.പിന്നാലെ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി. കൂടാതെ പകുതി കത്തിയ മാലിന്യങ്ങൾ പൂർണമായി മണ്ണുമാന്തി ഉപയോഗിച്ച് തിരിച്ചെടുപ്പിക്കുയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് താര സജികുമാർ, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, വാർഡ് അംഗം ഷീജോമോൻ, സെക്രട്ടറി ജി.എസ്.സുനിത, അസിസ്റ്റന്റ് സെക്രട്ടറി ജി.ആർ.സതീഷ് ചന്ദ്രൻ, ക്ലാർക്ക് കൃപ എന്നിവരാണ് മാലിന്യം തിരിച്ചെടുപ്പിക്കുന്നതിനും പിഴ ഈടാക്കുന്നതിനും നേതൃത്വം നൽകിയത്.












Click it and Unblock the Notifications