വഴിത്തർക്കത്തിനൊടുവിൽ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടി, ഒളിവിൽ പോയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ
കൊല്ലം: കൊട്ടിയത്ത് യുവാവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ. കൊട്ടിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലായത്. പ്രതിയെ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഒളിവിലായിരുന്നു പ്രതിയായ വിവേക്.
കൊട്ടിയത്തു 2019 ജൂൺ മാസത്തിൽ വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വിവേക് ഒരാളെ ഇരുമ്പ് വടി കൊണ്ടു തലക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മാത്രമല്ല പ്രതി കത്തിക്കുത്ത് നടത്തുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവേക് അറസ്റ്റിലായത്.

ചാത്തന്നൂർ എ സി പിയുടെ മേൽ നോട്ടത്തിൽ , കൊട്ടിയം എസ് ഐ സുജീത് ജി നായരും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിവേക് വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ചാത്തന്നൂർ എ സി പി ശ്രീ ഷൈനു തോമസിൻറെ മേൽനോട്ടത്തിൽ കൊട്ടിയം സ്റ്റേഷൻ ചാർജ് വഹിക്കുന്ന കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, യു പി വിപിൻ കുമാറിൻറെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊട്ടിയം എസ് ഐ മാരായ സുജീത് ജി നായർ, പ്രവീൺ, പ്രൊബോഷണറി എസ് ഐ ശിവപ്രസാദ്, എ എസ് ഐ ശശിധരൻ പിള്ള, സി പി ഒ സുഭാഷ് എന്നവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കൊല്ലം ജെ എഫ് എം സി 2 കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications