കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ പേഴ്സ് മോഷ്ടിച്ച് മുങ്ങി; മറ്റൊരു മോഷണത്തിനിടെ യുവതി പിടിയിൽ
കൊല്ലം: ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു വനിതാ കണ്ടക്ടറുടെ പേഴ്സ് മോഷ്ടിച്ച് എ ടി എം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് തെങ്കാശി സരോജ കോളനിയിൽ ശാന്തി ( 34 ) കാെല്ലം പോലീസിന്റെ പിടിയിലായത്. 19 ന് രാവിലെ 10 മണിയോടെയാണ് സംഭവം. കെ എസ് ആർ ടി സി കണ്ടക്ടർ ഇന്ദുലേഖയുടെ പേഴ്സാണ് മോഷണം പോയത്.
ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് 50000 രൂപയും നഷ്ടമായി. ശങ്കരമംഗലത്ത് നിന്ന് രാമൻകുളങ്ങരയിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇന്ദുലേഖ. രാമൻ കുളങ്ങരയിൽ ഇറങ്ങി തിരുമുല്ലവാരത്തേക്ക് പോകാനായി സ്വകാര്യ ബസിൽ കയറിയശേഷമാണ് ബാഗിൽ പേഴ്സ് ഇല്ലെന്ന് മനസ്സിലായത്. പേഴ്സിൽ രണ്ട് എ ടി എം കാർഡുകളും രണ്ട് പാൻകാർഡുകളും 3000 രൂപയമാണ് ഉണ്ടായിരുന്നത്.

ഉടൻ കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തി ബസ്സിൽ പരിശോധന നടത്തിയെങ്കിലും പേഴ്സ് കണ്ടെത്താനായില്ല. ഇതിവിടെ രണ്ട് അക്കൗണ്ടുകളിൽ നിന്ന് ആറ് തവണയായി 50000 രൂപ പിൻവലിച്ചതായി ഇന്ദുലേഖയുടെ ഫോണിലേക്ക് സന്ദേശം വന്നു. ഉടൻ എ ടി എം കാർഡുകൾ ബ്ലോക്ക് ചെയ്തു. തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇന്ദുലേഖയുടെയും അമ്മയുടേതുമായിരുന്നു എ ടി എം കാർഡുകൾ. രണ്ട് കാർഡുകളിലെയും പിൻനമ്പർ കാർഡിന് മുകളിലായി രേഖപ്പെടുത്തിയിരുന്നു. ഈ പിൻ നമ്പറുകൾ ഉപയോഗിച്ചാണ് പ്രതി നഗരത്തിലെ രണ്ട് എ ടി എമ്മുകളിൽ നിന്ന് പണം പിൻവലിച്ചത് സി സി ടി വികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവ് മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ചവറയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരുടെ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ശാന്തിയെ ബസ് ജീവനക്കാർ പിടികൂടി പോലീസിൽ അറിയിച്ചു. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ വെച്ച് വെസ്റ്റ് പോലീസ് ഇവരെ പിടികൂടി സി സി ടി വി ദൃശ്യങ്ങളുമായി സാദൃശ്യം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പ്രതി സമ്മതിക്കുന്നത്.
ഇവരുടെ പേരിൽ അങ്കമാലി സ്റ്റേഷനിലടക്കം മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം വെസ്റ്റ് എസ് ഐ അനീഷ് എ എസ് ഐമാരായ ബീന, ജ്യോതി കൃഷ്ണൻ, സൈജു, എസ് സി പി ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications