കൊല്ലത്ത് രണ്ടാം തവണ മേയറായി പ്രസന്ന ഏണസ്റ്റ്, ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി!!
കൊല്ലം: സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പ്രസന്ന മേയര്‍ സ്ഥാനത്തെത്തുന്നത്. ആറ് അംഗങ്ങളുടെ ബിജെപിയുടെ ഒരു വോട്ട് അസാധുവായി. എല്‍ഡിഎഫിന് 39, യുഡിഎഫ് ഒമ്പത്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ വോട്ട് നില. അതേസമയം വോട്ടെടുപ്പില്‍ നിന്ന് എസ്ഡിപിഐ അംഗം വിട്ടു. ആകെ 55 സീറ്റുകളാണ് കൊല്ലം കോര്‍പ്പറേഷനിലുള്ളത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ് പ്രസന്ന ഏണസ്റ്റ്. താമരക്കുളം ഡിവിഷനില്‍ നിന്ന് പ്രസന്ന ഇത് രണ്ടാം തവണയാണ് വിജയിക്കുന്നത്. യുഡിഎഫിലെ ശ്രീദേവിയമ്മയാണ് പ്രസന്നയ്‌ക്കെതിരെ മേയര്‍ സ്ഥാനത്ത് മത്സരിച്ചത്. ബിജെപിയുടെ ബി ശൈലജയും ഉണ്ടായിരുന്നു. ബിജെപി അംഗമായ സജിതാ ആനന്ദിന്റെ വോട്ടാണ് അസാധുവായത്. എസ്ഡിപിഐയുടെ അംഗമായ കൃഷ്‌ണേന്ദു വോട്ടെടുപ്പിന് ഹാജരായിരുന്നു. എന്നാല്‍ അവര്‍ വോട്ട് ചെയ്തില്ല.
അതേസമയം 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷ സ്ഥാനം എല്‍ഡിഎഫ് സ്വന്തമാക്കി. 86 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലുമാണ് ഇന്ന് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 48 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫും രണ്ടിടത്ത് ബിജെപിയും അധ്യക്ഷ സ്ഥാനങ്ങള്‍ നേടി. 43 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പ്പറേഷനുകളിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. യുഡിഎഫ് 41 മുനിസിപ്പാലിറ്റിയിലും ഒരു കോര്‍പ്പറേഷനിലും അധ്യക്ഷ സ്ഥാനം നേടി.
ബിജെപിക്ക് രണ്ട് മുനിസിപ്പാലിറ്റി അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിച്ചത്. പാലക്കാടും പന്തളവും ബിജെപിക്ക് ലഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പരവൂര്‍, കോട്ടയം, കളമശ്ശേരി എന്നിവിടങ്ങളിലാണ് നറുക്കെടുപ്പ് നടന്നത്. കളമശ്ശേരിയില്‍ ഒരു വാര്‍ഡില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഇവിടത്തെ ഫലം പിന്നീട് ഭരണത്തില്‍ നിര്‍ണായകമാകും. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇവിടെ നിലവില്‍ എല്‍ഡിഎഫ് ഭരണസമിതിയാണ് ഉള്ളത്.












Click it and Unblock the Notifications