പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെ, കിരണിന്റെ വാക്കുകള്‍ വിവരിച്ച് വിസ്മയയുടെ പിതാവ്
കൊല്ലം: ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയുടെ കേസില്‍ വിചാരണ ആരംഭിച്ചു. വിസ്മയയുടെ പിതാവ് വിക്രമന്‍ നായരാണ് ഒന്നാം സാക്ഷി. അതേസമയം വിസ്മയയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എനിക്ക് പേടിയാണച്ഛാ, എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല, എന്ന് വിസ്മയ കരഞ്ഞ് കൊണ്ട് പറയുന്ന ഫോണ്‍ സംഭാഷണം വിചാരണ വേളയില്‍ കോടതിയില്‍ കേള്‍പ്പിച്ചു. തനിക്ക് ഭര്‍തൃവീട്ടില്‍ നില്‍ക്കേണ്ടെന്നും വീട്ടിലേക്ക് വരണമെന്നും, അച്ഛനെ കാണണമെന്നുമാണ് വിസ്മയ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. എന്നോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഞാന്‍ എന്തെങ്കിലും ചെയ്യുമെന്നെല്ലാം ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത് മുമ്പാകെ വിസ്മയയുടെ പിതാവ് മൊഴി നല്‍കിയത്. തന്നോട് സ്ത്രീധനം ചോദിച്ചത് കിരണിന്റെ പിതാവാണെന്ന് ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കി. വിവം ഉറപ്പിക്കുന്ന സമയത്ത് സ്ത്രീധനം ആവശ്യപ്പെട്ടെന്നും, പിന്നീട് സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ മര്‍ദിക്കുമായിരുന്നുവെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കി. അതേസമയം വിവാഹം ഉറപ്പിക്കുന്ന സമയത്ത് മകള്‍ക്ക് എന്തുകൊടുക്കുമെന്നാണ് കിരണിന്റെ പിതാവ് തന്നോട് ചോദിച്ചു. 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്ന് പറഞ്ഞു. കൊവിഡ് കാരണം 80 പവന്‍ നല്‍കാനേ കഴിഞ്ഞുള്ളൂ എന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.
കിരണ്‍ വിവാഹത്തിന്റെ തലേന്ന് വീട്ടിലെത്തിയിരുന്നു. വേറെ കാര്‍ വേണമെന്ന് വിസ്മയയോട് അവന്‍ പറഞ്ഞു. ആഭരണം ലോക്കറില്‍ വെക്കാനായി തൂക്കി നോക്കിയപ്പോള്‍ അളവില്‍ കുറവ് കണ്ടാണ് വിസ്മയയെ ഉപദ്രവിച്ച് തുടങ്ങിയത്. കിരണ്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ കൊണ്ടുപോകണമെന്ന് കരഞ്ഞ് കൊണ്ട് വിസ്മയ തന്നോട് പറഞ്ഞതായും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. കിരണിന്റെ ഫോണില്‍ നിന്നാണ് സംഭാഷണങ്ങള്‍ വീണ്ടെടുത്തത്. പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെയെന്ന് പറഞ്ഞാണ് ഒരിക്കല്‍ കിരണ്‍ മകളെ തന്റെ വീട്ടില്‍ കൊണ്ടുവിട്ടത്. വിവാഹ സമ്മാനമായി കിരണിന് നല്‍കിയ സ്വര്‍ണ മാല തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ കാര്യവും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
ഓണക്കാലത്ത് യാത്രയ്ക്കിടെ കിരണ്‍ മര്‍ദിച്ചപ്പോള്‍ ചിറ്റുമലയില്‍ ഒരു വീട്ടില്‍ വിസ്മയ അഭയം തേടുകയായിരുന്നു. കിരണിന്റെ വീട്ടില്‍ താനും ഭാര്യയും എത്തിയിരുന്നു. കൊടുക്കാമെന്ന് പറഞ്ഞത് മുഴുവന്‍ കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നായിരുന്നു മറുപടി. മകന്‍ വിജിത്തിനെ വീട്ടില്‍ വന്ന് ആക്രമിച്ചു. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് സമുദായ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് മകള്‍ കിരണിനോടൊപ്പം പോയത്. കാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പ ഉണ്ടെന്നും, സ്വര്‍ണത്തിന് തൂക്കം കുറവാണെന്ന് കണ്ടെത്തിയതില്‍ കിരണ്‍ പരാതി പറയുന്നതും സംഭാഷണത്തിലുണ്ട്. സ്ത്രീധനമായി നല്‍കിയ കാറിന് മൈലേജ് ഇല്ലെന്ന് പറഞ്ഞും, നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം കുറഞ്ഞെന്ന് പറഞ്ഞുമായിരുന്നു കിരണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications